കൊച്ചി: അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്‍റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വസതിയിലെ പൊലീസ് നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയത്. അദാനിയെ സഹായിക്കാൻ വേണ്ടി പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഇടപെട്ടതിന്‍റെ യഥാർഥ വിവരങ്ങൾ പാർലമെന്‍റിൽ പ്രസംഗിച്ചുവെന്നതാണ് രാഹുൽ ഗാന്ധി ചെയ്ത തെറ്റെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം പറയണം. ഉത്തരം പറയുന്നതിന് പകരം രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഡൽഹി പൊലീസ് രണ്ടു തവണ രാഹുലിനെ സമീപിച്ചതിന്‍റെ ഉദ്ദേശ്യം എന്താണ്? ഇതാണ് നമ്മുടെ രാജ്യത്തെ പരമമായ ഏകാധിപത്യമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വിവരങ്ങൾ തേടാനാണ് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയത്. സ്പെഷ്യൽ കമീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വസതിയിലെത്തിയത്.
കൂട്ടബലാത്സംഗത്തിനിരയായെന്ന് ചില സ്ത്രീകൾ തന്നോട് വെളിപ്പെടുത്തിയെന്നാണ് ഭാരത് ജോഡോ യാത്രക്കിടയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വിവരങ്ങൾ തേടി ഡൽഹി പൊലീസ് മാർച്ച് 16ന് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. വിശദമായ ചോദ്യാവലിയും കൈമാറിയിട്ടുണ്ട്.
10 ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നാണ് രാഹുൽ ഗാന്ധി പൊലീസിനെ അറിയിച്ചിരുന്നത്. മറുപടി നൽകാൻ ഇനിയും ദിവസങ്ങൾ ഉണ്ടായിരിക്കെയാണ് വിവരം തേടി ഡൽഹി പൊലീസ് വീണ്ടും രാഹുലിന്‍റെ വസതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.