തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക എത്രയും വേഗം തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കത്തു നല്‍കി. ദശലക്ഷക്കണക്കിന് ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുകയും അതിലൂടെ അവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.
എന്നാല്‍, ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണ്. കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണ്. ഇത് കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചു.
ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ആറ് കോടി തൊഴില്‍ ദിനങ്ങളാണ് കേന്ദ്രം അനുവദിച്ചത്. 2024 ല്‍ ഡിസംബറില്‍ തന്നെ കേരളം ഈ ലക്ഷ്യം കൈവരിച്ചു. മാത്രവുമല്ല ഇപ്പോള്‍ ഇതുവരെ 8.5 കോടി പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിലെ സാധാരണ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഈ പദ്ധതിയെ തന്നെ അട്ടിമറിക്കുന്നതാണ് ഈ നടപടി.
ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി എത്രയും വേഗമെടുക്കണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ട്. ഈ നഷ്ടപരിഹാരം പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.