മാനന്തവാടി: രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്ക് കരുതലും സ്നേഹവും നൽകിയ പൊതു പ്രവർത്തകനായ ഒ.ആർ. കേളു ഇനി മന്ത്രി കുപ്പായത്തിൽ. എല്ലാവർക്കും എപ്പോഴും പ്രാപ്യനായ നാട്ടുകാരുടെ പ്രിയപ്പെട്ട കേളുവേട്ടന്റെ പുതിയ സ്ഥാന ലബ്ധിയിൽ ജില്ലയൊന്നടങ്കം സന്തോഷത്തിലാണ്. പി.കെ. ജയലക്ഷ്മിക്ക് ശേഷം കേരളത്തിന്റെ മന്ത്രിയാകുന്ന വയനാട് സ്വദേശിയാണ് കേളു.
ഏറ്റവും താഴേക്കിടയിൽ ജീവിച്ച് കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥക്ക് അറുതി വരുത്താൻ കൂലിപ്പണിക്കാരനായി അധ്വാനിച്ച അദ്ദേഹത്തിന് പാവപ്പെട്ടവരുടെ സങ്കടം ഏറെ മനസ്സിലാക്കാനാകുമെന്ന് മാനന്തവാടി മണ്ഡലത്തിലെ ജനങ്ങൾ പറയുന്നു. പിന്നാക്ക ജില്ലയായ വയനാടിന്റെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനായി അദ്ദേഹം ആത്മാർഥമായി ശ്രമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മന്ത്രിയാകുമെന്ന പ്രഖ്യാപനം വന്നശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണവും അത്തരത്തിലുള്ളതായിരുന്നു. മന്ത്രി എന്ന നിലയിൽ തുടക്കക്കാരനാണെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ തനിക്ക് നന്നായി അറിയാമെന്നും അവ പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നുമായിരുന്നു അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്.
ഘട്ടം ഘട്ടമായി വളര്‍ന്ന രാഷ്ട്രീയ പാരമ്പര്യമാണ് ഒ.ആർ. കേളുവിന്റേത്. വയനാട് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ സി.പി.എം മന്ത്രിയായി ഒ.ആര്. കേളു വരുമ്പോൾ ജില്ലയുടെയും പ്രതീക്ഷകള്‍ ഏറെയാണ്. മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.കെ. ജയലക്ഷ്മിയെ തോൽപിച്ചാണ് കേളു ആദ്യം നിയമസഭയിലെത്തുന്നത്. എം.എല്‍.എ പദവിയില്‍ ഇത് രണ്ടാം തവണയാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ 1307 വോട്ടിനാണ് ജയലക്ഷ്മിയെ തോൽപിച്ചതെങ്കില് രണ്ടാമത് ജയലക്ഷ്മിയുമായുള്ള മത്സരത്തില്‍ ഒ.ആര്. കേളുവിന്റെ ഭൂരിപക്ഷം 9282 ആയി ഉയര്‍ന്നു. മാനന്തവാടി പട്ടിക ജാതി സംവരണ സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട പൊതു പ്രവര്‍ത്തന പാരമ്പര്യമായിരുന്നു അദ്ദേഹത്തിന് കരുത്തായത്.
1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ ജനകീയ ആസൂത്രണം നടപ്പിലാക്കിയപ്പോള്‍ അയല്‍ക്കൂട്ടം കണ്‍വീനറായാണ് കേളുവിന്റെ പൊതു രംഗത്തേക്കുള്ള വരവ്. മാനന്തവാടി മണ്ഡലത്തിൽ അദ്ദേഹം വിവിധ വികസനപദ്ധതികള്‍ നടപ്പാക്കി. വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള 'ഉജ്ജ്വലം' സമഗ്ര വിദ്യാഭ്യാസ പരിപാടി, തിരുനെല്ലി മേഖലയില്‍ സമഗ്രശിക്ഷാ കേരള നടപ്പാക്കിയ സേവാസ് പദ്ധതി എന്നിവ ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.