പ്രതീക്ഷിച്ചതു പോലെ തന്നെ. പുറത്തെ രാഷ്ട്രീയ ചൂട് സഭയിലേക്ക് പടർന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ പോരിനിറങ്ങിയതോടെ തീപ്പൊരി ചിതറി. വാക്കുകൾ ചുരിക തലപ്പുകളായി മൂളിപ്പറന്നു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറിയപ്പോൾ വീറ് പകർന്ന് ഇരുപക്ഷത്തെയും കാലാൾ പടയും. നടുത്തളത്തിൽനിന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന പ്രതിപക്ഷം. തടുക്കാൻ പാടുപെടുന്ന സുരക്ഷ ഉദ്യോഗസ്ഥർ. പ്രതിപക്ഷത്തെ നേരിടാനൊരുങ്ങി നടുത്തളത്തിന് തൊട്ടരുകിൽ ഭരണപക്ഷവും. മന്ത്രിമാർ പോലും മുന്നോട്ട് കുതിക്കുമെന്ന് തോന്നിച്ചു.
സ്പീക്കറുടെ കസേര വായുവിൽ പറന്ന പഴയ ചരിത്രം കളങ്കമായി നിൽക്കവെ വീണ്ടുമതിലേക്ക് പോയേക്കുമോയെന്ന ആശങ്ക സ്വാഭാവികം. അടിയന്തര പ്രമേയം അനുവദിച്ചിട്ടും ചർച്ച നടക്കാത്ത അപൂർവത. പ്രതിപക്ഷം ഒളിച്ചോടിയെന്ന് ഭരണപക്ഷം. ആകെ നാടകീയത നിറഞ്ഞ സഭാ ദിനം. തന്ത്രങ്ങൾ, മറുതന്ത്രങ്ങൾ.. അതാണല്ലോ സഭയുടെ ചലനാത്മകത. സാഹചര്യങ്ങൾ ഉപയോഗിക്കുന്ന തന്ത്രശാലികൾക്ക് കേരള നിയമസഭയിൽ ഒരു കാലത്തും പറഞ്ഞമില്ലല്ലോ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശങ്ങളും എ.ഡി.ജി.പി. വിഷയവും ഉപയോഗിച്ച് സർക്കാറിനെതിരെ ആഞ്ഞടിക്കാൻ തയാറെടുത്തായിരുന്നു പ്രതിപക്ഷ വരവ്. ഭരണപക്ഷവും അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം. പ്രതിപക്ഷത്തെ വാരിക്കുഴിയിൽ വീഴ്ത്താൻ അവർ മറുതന്ത്രം മെനയുക സ്വാഭാവികം.
അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ചയായാൽ കൂടുതൽ സമയം കിട്ടുക ഭരണപക്ഷത്തിനാകും. പ്രതിപക്ഷ പ്രസംഗങ്ങൾക്കൊക്കെ ശേഷം വിശദ മറുപടിക്ക് മുഖ്യമന്ത്രിക്കും അവസരം കിട്ടും. ചർച്ച ചെയ്യാതെ നോട്ടീസ് മാത്രം പരിഗണിച്ചാൽ അവസാനം സംസാരിക്കുക പ്രതിപക്ഷമാകും. വിഷയം പരാമർശിച്ചപ്പോൾ ‘അടിയന്തരമായി തന്നെ’ ചർച്ച ചെയ്തു കളയാമെന്നായി മുഖ്യമന്ത്രി. ചോദ്യോത്തരവേളയിലെ വാഗ്വാദത്തിന്റെ തുടർച്ച ശൂന്യവേളയിലേക്കും വ്യാപിച്ചതോടെ അടിയന്തര പ്രമേയമെടുക്കുന്നതുവരെ സഭ നീണ്ടില്ലെന്ന് മാത്രം.
അടിയന്തര പ്രമേയ ഘട്ടത്തിലാണ് സാധാരണ ഇരുപക്ഷവും പോരിനിറങ്ങുകയെങ്കിൽ തിങ്കളാഴ്ച തുടക്കം മുതൽ ഉരസി നിൽക്കുകയായിരുന്നു. ചിലപ്പോൾ ഒരു വാക്കോ നോക്കോ ആയിരിക്കും സഭയുടെ ഗതി നിശ്ചയിക്കുക. ചില ചോദ്യങ്ങൾ പരിഗണന മാറ്റിയതിൽ തുടക്കം മുതൽ ബഹളത്തിലായിരുന്നു. മാത്യൂ കുഴൽനാടൻ ഇരിപ്പിടത്തിലേക്ക് പോകാത്ത ഘട്ടത്തിൽ ആരാണ് പ്രതിപക്ഷ നേതാവ്? എന്ന സ്പീക്കറുടെ പരാമർശം പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. സ്പീക്കർക്കെതിരായ പ്രതിപക്ഷ നേതാവിന്റെ വിമർശം, ചോദ്യോത്തര വേള ബഹിഷ്കരിക്കൽ, പരാമർശം രേഖയിൽനിന്ന് നീക്കൽ, സതീശനെതിരെ മുഖ്യമന്ത്രിയുടെയും മന്ത്രി എം.ബി. രാജേഷിന്റെയും വിമർശം. പിന്നെ പൊടിപൂരമായിരുന്നു. ശൂന്യവേളയിൽ മടങ്ങിയെത്തിയതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖാമുഖം വാക്പോര്. ഇരുവരും നേരിട്ടുതന്നെ ഏറ്റുമുട്ടി. ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയപ്പോൾ സഭാ തലം ചൂട് പിടിച്ചു.
ആർ.എസ്.എസ് അജണ്ട പി.വിയുടെ സ്ക്രിപ്റ്റ് എന്ന ബാനർ പ്രതിപക്ഷം ഉയർത്തിയതോടെ നടപടി വേണ്ടി വരുമെന്ന് സ്പീക്കറും അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും. പ്രതിപക്ഷ മുദ്രാവാക്യം ഉയർന്നപ്പോൾ ഗോൾവാർക്കറുടെ ചിത്രത്തിന് മുകളിൽ വണങ്ങിയത് ആരാണെന്ന് സ്വന്തം നേതാവിനോടു ചോദിക്കാൻ മുഖ്യമന്ത്രി തിരിച്ചടിച്ചു. അടിയന്തര പ്രമേയ ചർച്ചയിൽനിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷ ശ്രമമെന്ന് പറഞ്ഞ മന്ത്രി എം.ബി. രാജേഷ് ഒരുകാരണവശാലും അത് അനുവദിക്കരുതെന്ന് സ്പീക്കറെ ഓർമിപ്പിച്ചു. ഇതിനിടയിലാണ് പ്രതിപക്ഷത്തെ ചിലർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാൻ ശ്രമിച്ചത്. പരിഗണിച്ച ബില്ലിൽ ചർച്ചയൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.