ഗൗരവത്തിലായിരുന്നു എം.എം. മണി. പ്രതിപക്ഷത്തെ കശക്കിയെറിഞ്ഞ് ഞെരിപിരി കൊള്ളിക്കുന്ന പതിവ് ശൈലിയില്ല. ഭരണപക്ഷത്തെ ആവേശം കൊള്ളിച്ചില്ല. തമാശകളുടെ മാലപ്പടക്കം പൊട്ടിച്ചില്ല. പകരം രാജ്യത്തിന്റെ അപകടാവസ്ഥയിലെ ആശങ്കയായിരുന്നു സി.പി.എമ്മിലെ ഈ മുതിർന്ന നേതാവിന്.
ഹിന്ദുത്വ വർഗീയവാദികളുടെ കൈകളിൽനിന്ന് ജനത്തെ എങ്ങനെ രക്ഷിക്കാമെന്ന ചിന്തയാണ് മതേതര ജനാധിപത്യ കക്ഷികൾക്ക് വേണ്ടതെന്ന് ഇരുപക്ഷത്തെയും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഗതാഗത, മത്സ്യബന്ധന വകുപ്പുകളുടെ ചർച്ചയായിട്ടും അതിലേക്കൊന്നും മണിയാശാൻ കടന്നില്ല.
ബി.ജെ.പിയുടെ വളർച്ച എങ്ങനെ തടയാമെന്ന ഗൗരവ ആലോചന വേണം, ദക്ഷിണേന്ത്യയിലേക്ക് കടന്നുകയറുന്നത് തടയാൻ എല്ലാവർക്കുമുണ്ട് ബാധ്യത. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി നിലപാടെടുക്കണം -അദ്ദേഹം പറഞ്ഞു.
നല്ലത് ചെയ്താലും പ്രതിപക്ഷം ഒരു മന്ത്രിയെ അഭിനന്ദിക്കുന്നത് അപൂർവമാണ്. ഭരണപക്ഷത്തെ വിമർശിക്കുക എന്നതാണ് പ്രതിപക്ഷ ശൈലി. ഭരണപക്ഷത്തിന്റേത് തിരിച്ചും. ഓരോ മണ്ഡലത്തിലുമെത്തി മത്സ്യത്തൊഴിലാളിയെ കേൾക്കാൻ തയാറായ മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കാൻ കെ.പി.എ. മജീദ് മടി കാണിച്ചില്ല. ഭരണപക്ഷം ആവേശം കൊള്ളുക സ്വഭാവികം.
ഓടാത്ത ബസിൽനിന്ന് ഓടുന്ന യാത്രക്കാരനെപോലെയാണ് ഗതാഗതമന്ത്രിയെന്ന് എം. വിൻസെന്റ്. ഇതുവരെ കൃത്യമായി ശമ്പളം നൽകാനായില്ല. കള്ള് കുടിച്ചോ എന്ന് പരിശോധിക്കുന്ന അധികൃതർ കഞ്ഞി കുടിച്ചോ എന്ന് പരിശോധിക്കണമെന്ന ആവശ്യംകൂടി വിൻസെന്റ് ഉന്നയിച്ചു.
കെ.എസ്.ആർ.ടി.സി ‘സമ്പന്നനായ യാചകനാ’ണ്. കേരളത്തിൽ കൂടുതൽ സമ്പത്തുള്ള പൊതുമേഖല സ്ഥാപനം. പഴയ ചില നായർ തറവാടുകളുടെ അവസ്ഥയിലെന്ന് പ്രഫ. എൻ. ജയരാജിന്റെ നിരീക്ഷണം. ഫീഷറീസ് വകുപ്പിന് മത്സ്യബന്ധനം എന്നാണ് രേഖകളിലെ പരിഭാഷ. ഫിഷറീസ് എന്നതിന്റെ മലയാളമല്ല അതെന്നാണ് പ്രഫസർ പറയുന്നത്.
ഗതാഗതത്തെക്കുറിച്ച ചർച്ചയായിട്ടും പഴയ മന്ത്രിയായിട്ടും അതിനെകുറിച്ചൊന്നും ആന്റണി രാജു മിണ്ടിയില്ല. ഫിഷറീസിനെ കുറിച്ച് മാത്രം പറഞ്ഞശേഷം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു. എന്തിനും ഏതിനും പിണറായിയെ കുറ്റപ്പെടുത്തുകയല്ലാതെ മറ്റെന്ത് അജണ്ടയാണ് പ്രതിപക്ഷത്തിനെന്നാണ് ചോദ്യം.
മഴ പെയ്താൽ, പെയ്തില്ലെങ്കിൽ, കാറ്റടിച്ചാൽ, ഇല്ലെങ്കിൽ, ചൂട് കൂടിയാൽ, കുറഞ്ഞാൽ, പുഴയിൽ വെള്ളം കൂടിയാൽ, വെള്ളം താണാൽ പിണറായിക്കാണ് കുറ്റം. കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കുക മാത്രമല്ല പാത്രമെടുത്ത് പാലുകറക്കാൻ പോകുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട പ്രതിപക്ഷം പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ട്? വി. ജോയി പ്രതിപക്ഷത്തെ നോക്കി ചോദിച്ചു. ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ അർജുൻ രാധാകൃഷ്ണൻ ആരാണ്? നിങ്ങൾക്ക് ബന്ധമുള്ള ആളാണോ? മറുപടി വന്നില്ല.
ഒന്ന് ഇരുട്ടിയെന്ന് കരുതി നേരം വെളുക്കില്ലെന്ന് എം. നൗഷാദിന്റെ ഉപദേശം. നേമത്ത് നിങ്ങൾ ബി.ജെ.പി അക്കൗണ്ട് തുറപ്പിച്ചു. ഞങ്ങൾ പൂട്ടിച്ചു. തൃശൂരിൽ നിങ്ങൾ തുറപ്പിച്ചു. ഞങ്ങൾ പൂട്ടിക്കും. ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുന്ന മാരീചൻമാരായി കോൺഗ്രസുകാർ മാറിയെന്ന് എം.എസ്. അരുൺകുമാറിന്റെ ആരോപണം.
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അന്തർധാരയെന്ന ഭരണപക്ഷ ആരോപണത്തെ നേരിട്ടത് എം. വിൻസെന്റാണ്. ശ്വാസത്തിലും നിശ്വാസത്തിലും സംഘ്പരിവാറിനെതിനെ പോർമുഖം തുറക്കുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനെ കുറിച്ചാണോ നിങ്ങൾ അന്തർധാര പറയുന്നതെന്ന് വിൻസെന്റ് ആഞ്ഞടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.