കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28,29,30 തിയതികളിൽ പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28, 29, 30 തിയതികളിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും. ബാങ്കിൻറെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്ന് വർഷമായി തടഞ്ഞുവെച്ചു കൊണ്ടിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്മെൻ്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സഹകരണ മന്ത്രി ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ ഒന്ന് പോലും ഒമ്പത് മാസമായിട്ടും നടപ്പിലാക്കിയില്ല. മന്ത്രി തല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 30, 31 ന് ദ്വിദിന പണിമുടക്ക് നടത്തിയിരുന്നു.

സെപ്തംബർ മുതൽ നിസഹകരണ സമരവും നവംബർ ഒന്ന് മുതൽ തുടർച്ചയായി 15 ദിവസം ബാങ്ക് ഹെഡ് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരവും നടത്തി. തുടർന്ന് മന്ത്രി വസതിയിലേക്ക് മാർച്ചും നടത്തിയെങ്കിലും സർക്കാരും മാനേജ്മെൻറും നീതി നിഷേധം തുടരുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു.

ഇതിൽ പ്രതിഷേധിച്ചാണ് ബാങ്കിൻറെ അഞ്ചാം വാർഷിക ദിനമായ നവംബർ 29 ഉൾപ്പടെയുള്ള മൂന്നു ദിവസങ്ങളിൽ സംഘടന പണിമുടക്കിന് നിർബന്ധിതമായിരിക്കുന്നത്. തുടർന്നും വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി ജീവനക്കാർ മുന്നോട്ട് പോകുമെന്ന് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Kerala Bank employees will go on strike on November 28, 29 and 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.