കൽപറ്റ: സംസ്ഥാന ബജറ്റിൽ വയനാടിന് പ്രതീക്ഷയും നിരാശയും. റെയിൽപാത, മെഡിക്കൽ കോളജ്, ദേശീയപാതയിൽ തുടരുന്ന രാത്രിയാത്രാ നിരോധനത്തിന് പരിഹാരം, കാപ്പി, കുരുമുളക്, വാഴ കൃഷിക്കാരുടെ പ്രശ്നങ്ങൾ, അനുദിനം രൂക്ഷമാവുന്ന വന്യമൃഗ ശല്യം എന്നിങ്ങനെ നിരവധി പരാതികൾക്കും പരിദേവനങ്ങൾക്കും നടുവിലാണ് വയനാട്.
വർഷങ്ങളായി കാത്തിരിക്കുന്ന മെഡിക്കൽ കോളജിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 300 കോടി രൂപ അനുവദിച്ചതായി ബജറ്റിലുണ്ട്. എന്നാൽ, മെഡിക്കൽ കോളജിന് മുറവിളി ഉയരുന്ന വയനാട്ടിൽ എവിടെയാണ് മെഡിക്കൽ കോളജ് വരുകയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വയനാട്ടിൽ കോഫി പാർക്ക്, മലബാർ കോഫി, കാപ്പി, നെല്ല്, നാളികേരം, റബർ താങ്ങുവില തുടങ്ങിയ നിർദേശങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.
'വയനാട് പാക്കേജ്' എന്ന പേരിൽ കഴിഞ്ഞ തവണത്തെ വാഗ്ദാനം ഇത്തവണ ബജറ്റിൽ കാണാനില്ല. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കടക്കെണിയിൽ നിന്നുള്ള മോചനവും വയനാടൻ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കാനുള്ള പദ്ധതികളുമെല്ലാം പാക്കേജിൽ പ്രതീക്ഷിച്ചവരും നിരാശരായി. വയനാട് തുരങ്കപാത 2021-22ല്‍ ആരംഭിക്കുമെന്നാണ് വാഗ്ദാനം.
കാപ്പിക്ക് 90 രൂപ താങ്ങുവില നിശ്ചയിച്ചതാണ് ഒരു നേട്ടം. നിലവില്‍ 60 രൂപയാണ് കമ്പോള വില. മലബാര്‍ കോഫി ആരംഭിക്കുന്നതിന് ബ്രഹ്മഗിരിയുടെ കോഫി പ്ലാൻറ് വിപുലീകരിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചു. വയനാട് കാപ്പിയുടെ 500 വെൻഡിങ് മെഷീനുകളും 100 കിയോസ്ക്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി നല്‍കും. വന്യജീവി ശല്യം പരിഹരിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 22 കോടി രൂപ കൂടി അനുവദിച്ചു. കബനി ഉള്‍പ്പെടെ ഇടത്തരം ചെറുകിട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 49 കോടി രൂപ അനുവദിച്ചു.
കൽപറ്റ: വയനാടിെൻറ പൊതുവായ വികസനത്തിനൊപ്പം ജില്ലയിലെ പ്രധാന ജനവിഭാഗങ്ങളായ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും മുന്തിയ പരിഗണനയാണ് ബജറ്റില്‍ നല്‍കിയതെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കാപ്പിക്ക് 90 രൂപ താങ്ങുവില നിശ്ചയിച്ചു. നിലവില്‍ 60 രൂപയാണ് കാപ്പിയുടെ കമ്പോള വില.
55,000ത്തോളം വരുന്ന ജില്ലയിലെ കാപ്പി കൃഷിക്കാര്‍ക്ക് ഇത് ഏറെ സഹായകരമാവും. മലബാര്‍ കോഫി ആരംഭിക്കുന്നതിന് ബ്രഹ്മഗിരിയുടെ കോഫി പ്ലാൻറ് സൗകര്യം വിനിയോഗിക്കും. പ്ലാൻറ് വിപുലീകരിക്കുന്നതിന് ബ്രഹ്മഗിരിക്ക് അഞ്ചുകോടി രൂപ അനുവദിച്ചു. 2021-22 വര്‍ഷത്തില്‍ വയനാട് കോഫി പാര്‍ക്ക് സജ്ജമാക്കും. അടക്ക, കുരുമുളക്, ഏലം, തേയില എന്നിവയുടെ താങ്ങുവില നിശ്ചയിക്കാൻ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. നെല്ലിെൻറ സംഭരണവില 28 രൂപയായി നിശ്ചയിച്ചു. ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും തുക വകയിരുത്തി.
കല്പറ്റ: സംസ്ഥാന സര്‍ക്കാറിെൻറ ഒടുവിലത്തെ ബജറ്റിലും വയനാടിനോട് കാട്ടിയത് വഞ്ചന മാത്രമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഏതാനും പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. മെഡിക്കല്‍ കോളജിന് തുക അനുവദിക്കണമെങ്കില്‍ കിഫ്ബിയിലൂടെ തന്നെ അത് നേരേത്തയാകാമായിരുന്നു. തുരങ്കപാത ലോഞ്ചിങ് കഴിഞ്ഞതിനു ശേഷമാണ് ബജറ്റില്‍ കൊണ്ടുവരുന്നത്. ഈ പദ്ധതിക്കായി പാരിസ്ഥിതിക അനുമതിപോലും വാങ്ങിയിട്ടില്ല. കഴിഞ്ഞ നാലു ബജറ്റുകളില്‍ തുടര്‍ച്ചയായി വയനാടന്‍ കാപ്പി ബ്രാൻഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. കര്‍ഷക തൊഴിലാളികള്‍ക്കടക്കം പെന്ഷന് ലഭിച്ചിട്ട് എട്ടു മാസമായി. അരിവാള്‍ രോഗികളുടെ പെന്ഷന് കാര്യത്തില്‍ ബജറ്റില്‍ പരാമര്‍ശം പോലുമില്ല.
മാനന്തവാടി: ഇടതു സർക്കാർ വയനാട് ജില്ലയോടു കാണിക്കുന്ന കരുതലിെൻറ മികച്ച ഉദാഹരണമാണ് ബജറ്റെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. വയനാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന മെഡിക്കൽ കോളജിന് അർഹമായ പരിഗണന കിട്ടിയത് ആശ്വാസകരമാണ്. നെല്ലിെൻറയും റബറിെൻറയും താങ്ങുവില വർധിപ്പിച്ചത് വയനാട്ടിലെ കാർഷിക മേഖലക്ക് കരുത്താവും. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ പദ്ധതികൾ ബജറ്റിലുണ്ട്. ബജറ്റിനെ പൂർണമായും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കൽപറ്റ: പിണറായി വിജയൻ സർക്കാറിെൻറ ജനകീയ മുഖവും വികസനാത്മക സമീപനവും സമന്വയിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ എം.പി. സംസ്ഥാനത്തിെൻറ സമസ്ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്നു എന്നതാണ് ബജറ്റിെൻറ സവിശേഷത. കേരളത്തിെൻറ വികസനക്കുതിപ്പിന് ഇത് ആക്കംകൂട്ടും. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നല്‍കിയിട്ടുള്ള ഊന്നലാണ് വ്യത്യസ്തമാക്കുന്നത്. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ആവേശജനകമാണ്. കാപ്പി കൃഷിയെ പുനരുദ്ധരിക്കാനും മെഡിക്കൽ കോളജ് സ്വപ്നം സഫലീകരിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. വീരേന്ദ്രകുമാറിന് ഉചിതമായ സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.
സമൂഹത്തിലെ എല്ലാവിധ ജനങ്ങളെയും പരിഗണിച്ച പ്രതീക്ഷനിർഭരമായ ബജറ്റാണിത്. കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചതും വന്യജീവി ശല്യം തടയുന്നതിന് പദ്ധതികൾ നടപ്പാക്കുന്നതും ജില്ലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകും. മെഡിക്കൽ കോളജിനായി 300 കോടി രൂപ വകയിരുത്തിയതും പഴശ്ശി കോളജ് സ്ഥാപിക്കുന്നതും സ്വാഗതാർഹമാണ്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടതു സർക്കാറിെൻറ പതിവ് പ്രഖ്യാപന പ്രഹസനം മാത്രമാണ് സംസ്ഥാന ബജറ്റ്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ മറ്റ് അടിസ്ഥാന വിവരങ്ങളോ വ്യക്തമാക്കാതെ അടുത്ത കൊല്ലം തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും കോളജിൽ കൂടുതൽ സ്പെഷാലിറ്റി സർവിസ് ആരംഭിക്കുമെന്നുമുള്ള ബജറ്റ് പ്രഖാപനം ആത്മാർഥമാണെന്നു കരുതാനാവില്ല.
ചരിത്രത്തിൽ തുല്യതയില്ലാത്തവിധം വന്യജീവി ആക്രമണങ്ങളും തൊഴിൽ രംഗത്തെ വെല്ലുവിളികളും പരിഹരിച്ച് വയനാടൻ ജനതക്ക് പ്രത്യാശയേകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ പോലും നടത്താൻ തയാറാകാത്ത ഇടതുസർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വയനാട് മെഡിക്കൽ കോളജിന് 300 കോടി വകയിരുത്തിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുകയും ആരോഗ്യ വകുപ്പിെൻറ ഉടമസ്ഥതയിൽ ബോയ്സ് ടൗണിലുള്ള 65 ഏക്കർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്താലേ ഇതുസംബന്ധിച്ച് വ്യക്തത വരൂ. മെഡിക്കൽ കോളജിന് 300 കോടി കിഫ്ബി ഫണ്ട് അനുവദിച്ചതിനോടൊപ്പം എവിടെ എന്നത് സർക്കാർ വ്യക്തമാക്കുകയാണ് വേണ്ടത്.
വയനാടൻ ജനതക്ക് കാര്യമായൊന്നും നൽകാതെ അവതരിപ്പിച്ച ബജറ്റിൽ കടുത്ത നിരാശയുണ്ട്. നഞ്ചൻകോട് റെയിൽവേ, ദേശീയപാത രാത്രിയാത്ര നിരോധനം, വയനാട് വിമാനത്താവളം, ജില്ലയിലെ വ്യവസായിക സംരംഭങ്ങൾ തുടങ്ങി ജില്ലയുടെ അടിയന്തരാവശ്യങ്ങളൊന്നും പരാമർശിച്ചില്ല. ആകെയുള്ള ആശ്വാസം മെഡിക്കൽ കോളജ് പരിഗണിച്ചു എന്നത് മാത്രമാണ്.
ഭാഗ്യക്കുറി മേഖലക്ക് ഉണർവേകുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന മേഖലക്ക് ആശ്വാസകരമായ നിരവധി നിർദേശങ്ങളാണ് ബജറ്റിലുള്ളത്. ഏജൻസി പ്രൈസ് 12 ശതമാനമായി വർധിപ്പിച്ചതും പതിനൊന്നായിരത്തോളം സമ്മാനങ്ങൾ പ്രതിദിനം വർധിപ്പിച്ചതും വിൽപന കമീഷൻ കൂട്ടിയതും തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണ്.
ഏജൻറ് മരിച്ചാൽ അയാളുടെ ടിക്കറ്റുകൾ അവകാശിക്ക് നൽകുമെന്നും ഏജൻറുമാർക്ക് ബാങ്ക് ഗാരൻറിയിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ നൽകുമെന്നതും ജി.എസ്.ടി ഓൺലൈനായി അടക്കാൻ സംവിധാനമൊരുക്കുമെന്ന പ്രഖ്യാപനവും കാലങ്ങളായുള്ള ഏജൻറുമാരുടെ ആവശ്യങ്ങളായിരുന്നു.
സർക്കാറിെൻറ പുതിയ ബജറ്റിൽ കോവിഡിനെ തുടർന്നു തകർന്നുപോയ ടൂറിസം മേഖലയെ രക്ഷിക്കുന്നതിന് 100 കോടി രൂപ വകയിരുത്തിയ നടപടി ആശ്വാസം നൽകുന്നതാണ്. തുക വീതംവെക്കുമ്പോൾ ജില്ലക്ക് അർഹമായ വിഹിതം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മെഡിക്കൽ കോളജിനുവേണ്ടി 300 കോടി നീക്കിവെച്ചതും നല്ല കാര്യമാണെങ്കിലും ജില്ലയെ മൊത്തത്തിൽ തഴഞ്ഞതായ തോന്നലുണ്ട്.
കാപ്പിക്ക് താങ്ങുവില നിശ്ചയിച്ചത് പ്രേയാഗത്തിലാവുമോ എന്ന് സംശയമുണ്ട്. രാജ്യത്ത് കാപ്പി ഉൽപാദനത്തിെൻറ മൂന്നിൽ രണ്ടു ഭാഗവും കർണാടകയിലാണ്. വലിയതോതിൽ കാപ്പി കേരളത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. താങ്ങുവിലക്ക് കാപ്പി ആരു സംഭരിക്കുമെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര മാർക്കറ്റാണ് കാപ്പിക്കുള്ളത്. താങ്ങുവിലകൊണ്ട് സാധാരണക്കാർക്ക് ഫലം ഉണ്ടാകില്ല. ബജറ്റ് നിർദേശങ്ങൾ വയനാട്ടിലെ കർഷകർക്കും വ്യാപാരികൾക്കും നിരാശജനകമാണ്.
എൽ.ഡി.എഫ് സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനങ്ങൾ ജില്ലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കും. കൃഷി, ആരോഗ്യം, പാർപ്പിടം, വന്യമൃഗശല്യം, വിദ്യാഭ്യാസം, ആദിവാസി ക്ഷേമം എന്നിവക്കെല്ലാം മുന്തിയ പരിഗണനയാണ് ലഭിച്ചത്. കാർഷിക മേഖലയിലെ പദ്ധതികൾ ജില്ലയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിക്കും.
മെഡിക്കൽ കോളജിന് 300 കോടി അനുവദിച്ചതും പുതിയ തസ്തികകൾ സൃഷ്ടിച്ചതും അഭിമാന നേട്ടമാണ്. ചരിത്രത്തിലാദ്യമായി കാപ്പിക്ക് താങ്ങുവില പ്രഖ്യാപിച്ച സർക്കാർ ജില്ലയിലെ നൂറുകണക്കിന് കാപ്പി കർഷകരെയാണ് ചേർത്തുപിടിച്ചത്. കർഷകർക്ക് വലിയ അനുഗ്രഹമാണിത്. വയനാടൻ കോഫി ബ്രാൻഡ് ചെയ്ത് വിൽക്കാനുള്ള തീരുമാനവും ആഹ്ലാദകരമാണ്.
പിന്നാക്കം നിൽക്കുന്ന വയനാടിനെ ബജറ്റിൽ അവഗണിച്ചു. മെഡിക്കൽ കോളജിെൻറ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് 300 കോടി രൂപ അനുവദിച്ചു എന്നുപറയുന്നത് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ഗിമ്മിക്ക് മാത്രമാണ്. ഏത് സ്ഥലത്താണ് മെഡിക്കൽ കോളജ് തുടങ്ങാൻ പോകുന്നത്? ഏതെങ്കിലും സ്ഥലം ഏറ്റെടുക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താതെയാണ് ഈ പ്രഖ്യാപനം.
അഞ്ചുവർഷം മുമ്പ് അനുവദിച്ച മെഡിക്കൽ കോളജ് നഷ്ടപ്പെടുത്തിയതു മാത്രമാണ് ഇടതു സർക്കാറിെൻറ കാലഘട്ടത്തിൽ ഉണ്ടായത്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിന് അർഹമായ സർക്കാർ കോളജ് അനുവദിക്കാത്തത് വിദ്യാഭ്യാസ മേഖലയോട് സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിെൻറ ഉത്തമ ഉദാഹരണമാണ്.
വയനാട് ഉറ്റുനോക്കിയ രാത്രിയാത്ര നിരോധനത്തിന് പരിഹാരമില്ല. നഞ്ചൻകോട് -നിലമ്പൂർ റെയിൽപാതയുടെ കാര്യത്തിൽ ഒന്നുംതന്നെ ബജറ്റിലില്ല. വയനാട് ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ ചെലവിൽ ഒരുഭാഗം വഹിക്കാമെന്നു പറയുന്നുണ്ട്. പണം ഒന്നും അനുവദിച്ചിട്ടില്ല.
തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് തുടങ്ങിയ റെയിൽവേ ലൈനുകൾ കെ.ആർ.ഡി.സി നിർമിക്കുന്നു എന്ന വിചിത്രമായ പരാമർശം കാണുന്നുണ്ട്. പക്ഷേ, വയനാട്ടിൽ എവിടെ നോക്കിയിട്ടും റെയിൽപാതയുടെ നിർമാണം നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.