ഉപതെരഞ്ഞെടുപ്പ്: 24 സീറ്റിൽ എൽ.ഡി.എഫിന് ജയം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സീറ്റ് നിലനിർത്തി, 12 ഇടത്ത് ​യു.ഡി.എഫ്, ആറ് സീറ്റിൽ ബി.ജെ.പി

തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. 24 സീറ്റുകളിൽ എൽ.ഡി.എഫും 12 സീറ്റുകളിൽ യു.ഡി.എഫും ആറ് സീറ്റുകളിൽ ബി.ജെ.പിയും വിജയിച്ചു. ബി.ജെ.പി ജയിച്ച പലയിടത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തെത്തി.

20 സീറ്റ്‌ ഉണ്ടായിരുന്ന എൽ.ഡി.എഫ്‌ 24 ലേക്ക്‌ ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫിന് 4 വാർഡുകൾ നഷ്ടപ്പെട്ടു. ബിജെപി ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഇതിൽ ഏഴെണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്‌. 3 എൽഡിഎഫ്‌ വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത്‌ ബിജെപിയും ജയിച്ചു.

കൊല്ലം പെരിനാട്‌ പഞ്ചായത്തിലെ നാന്തിരിക്കൽ, ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്‌, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട്‌ പഞ്ചായത്തിലെ വെമ്പിള്ളി, തശൂർ തൃക്കൂർ പഞ്ചായത്തിലെ ആലങ്ങോട്‌, മലപ്പുറം വള്ളികുന്ന്‌ പഞ്ചായത്തിലെ പരുത്തിക്കാട്‌ എന്നീ വാർഡുകളാണ്‌ യുഡിഎഫിൽ നിന്നും എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. കൊല്ലം ആര്യങ്കാവ്‌ പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട്‌ പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂർ വാർഡുകളാണ്‌ ബിജെപിയിൽ നിന്ന്‌ പിടിച്ചത്‌.


നാവായിക്കുളത്ത് ജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സവാദിന്റെ ആഹ്ലാദ പ്രകടനം

തിരുവനന്തപുരം പൂവാറിലെ അരശുംമൂട്, കൊല്ലം വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറച്ചൽ, മലപ്പുറം ആലങ്കോട്ടിലെ ഉദിനുപറമ്പ് എന്നീ സീറ്റുകൾ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ പിഷാരികോവിൽ, ഇളമനത്തോപ്പ് എന്നിവ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പിയും നേടി.

മുഴുപ്പിലങ്ങാട് സി.പി.എം സീറ്റ് നിലനിർത്തി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെക്കേകുന്നുമ്പ്രം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജയിച്ചു. 457 വോട്ടുകൾ നേടിയ എൽ.ഡി.എഫ് സ്ഥാനാർഥി രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.പി. ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് കൂടുതൽ സീറ്റുകൾ. എൽഡിഎഫ് ആറ്, യുഡിഎഫ്- 5, എസ്ഡിപിഐ- 4 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. 

ആര്യങ്കാവ് പഞ്ചായത്തിൽ ബി.ജെ.പി നിലപാട് നിർണായകം

ആര്യങ്കാവ് പഞ്ചായത്ത് കഴുതുരുട്ടി വാർഡിൽ സി.പി.എമ്മിലെ മാമ്പഴത്തറ സലീം 245വോട്ടിൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ യു.ഡി. എഫിൻറ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. സലീം വിജയിച്ചതോടെ 13അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും അംഗങ്ങളായി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ നിലവിൽ പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ച സലീം സ്ഥാനം രാജി വച്ച് സി.പി.എമ്മിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരു കൂട്ടരും തുല്യമായതോടെ ബി.ജെ.പി അംഗത്തിന്റെ നിലപാട് ഭരണം പിടിക്കാൻ നിർണായകമാകും.

കോഴിക്കോട് കൊടുവള്ളിയിൽ സി.പി.എം 

കോഴിക്കോട് കൊടുവള്ളി വാരിക്കുഴിതാഴത്ത് സി.പി.എമ്മിലെ കെ.സി. സോജിത്തിന് വിജയം. 14-ാം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ കെ.കെ. ഹരിദാസന് 115 വോട്ടും, ബി.ജെ.പി സ്ഥാനാർഥി കെ. അനിൽകുമാറിന് 88 വോട്ടുമാണ് ലഭിച്ചത്.

ഇടുക്കിയിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയും

ഇടുക്കിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് പഞ്ചായത്ത് വാർഡുകളിൽ രണ്ടിടത്ത്​ എൽ.ഡി.എഫും ഒരിടത്ത്​ ബി.ജെ.പിയും ജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12ാം വാർഡായ വെള്ളാന്താനത്ത്​ എൽ.ഡി.എഫിലെ ജിൻസി സാജനും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വാർഡ്​ നാല് ചേമ്പളത്ത്​ എൽ.ഡി.എഫിലെ ഷൈമോൾ രാജനും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11ാം വാർഡ്​ ആണ്ടവൻകുടിയിൽ ബി.ജെ.പിയുടെ നിമലാവതി കണ്ണനാണ്​ വിജയിച്ചത്​. ഉടുമ്പന്നൂരിൽ സീറ്റ്​ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ പിടിച്ചെടുത്തപ്പോൾ ​ചേമ്പളം എൽ.ഡി.എഫും ആണ്ടവൻകുടി ബി.ജെ.പിയും നിലനിർത്തി.

കൊല്ലം ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി സുനിൽ കുമാർ169 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ.സുധി കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

തൃപ്പൂണിത്തുറയിൽ രണ്ടു വാർഡുകൾ ബി.ജെ.പി പിടിച്ചെടുത്തു

തൃപ്പൂണിത്തുറ പിഷാരി കോവിൽ, എളമനത്തോപ്പ്, ഇടമലക്കുടി ആണ്ടവൻകുടി, ഏറ്റുമാനൂർ അമ്പലം വാർഡ്, കണ്ണൂർ നീർവേലി വാർഡ്, കൊച്ചി കോർപ്പറേഷൻ - സൗത്ത് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയിച്ചു. തൃപ്പൂണിത്തുറ പിഷാരി കോവിൽ, എളമനത്തോപ്പ് എന്നിവ സി.പി.എമ്മിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. മറ്റിടങ്ങളിൽ ബി.ജെ.പി സീറ്റ് നിലനിർത്തി.

കൊച്ചി കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി പത്മജ എസ് മേനോൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് വരുന്നു.


കോതമംഗലം വാരിപ്പെട്ടി ആറാം വാർഡ് യു.ഡി.എഫ് നിലനിർത്തി

കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ.കെ ഹുസൈൻ വിജയിച്ചു. 25 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞ തവണ 303 വോട്ട് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ചത്.


കണ്ണൂർ കക്കാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി കൗലത്തിന്റെ വിജയാഹ്ലാദം


വള്ളിക്കുന്ന് ഒമ്പതാം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട സീറ്റ് പിടിച്ചെടുത്ത എൽ.ഡി. എഫ്. 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.എം രാധാകൃഷ്ണൻ ജയിച്ചത്.എൽ.ഡി. എഫ് സ്ഥാനാർഥി ക്ക് 808 വോട്ട് ലഭിച്ചു. യു.ഡി. എഫ് സ്ഥാനാർഥി മേലയിൽ വിജയന് 528 വോട്ടും ബി.ജെ.പ്പി സ്ഥാനാർഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു.

ഉപതെരഞ്ഞെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

Tags:    
News Summary - kerala by election result: LDF leading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.