മലപ്പുറം: ചോലനായ്ക്കരിലെ മുത്തച്ഛനാണ് മണ്ണള ചടയൻ. പ്രായം 82. സ്വാതന്ത്ര്യത്തിനും അഞ്ചു സംവത്സരങ്ങൾക്കുമുമ്പ് ജനനം. തെരഞ്ഞെടുപ്പും വോട്ടുമേറെ കണ്ടിട്ടുണ്ട്. ഇന്ദിര ഗാന്ധിയെക്കുറിച്ച് കേട്ടറിവുണ്ട്. ഒരു വോട്ടും മുടക്കിയിട്ടില്ല. ഇത്തവണയും ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ കാൽനടയായാണ് നെടുങ്കയത്തെ ബൂത്തിലെത്തിയത്.
തൊലി ചുളിഞ്ഞ ശരീരം, നരകയറിത്തുടങ്ങിയ മുടിയും താടിയും. പ്രായാധിക്യത്തിന്റെ അവശത കണ്ണുകളിലുണ്ട്. ഭാര്യ കുറുമ്പിക്കും എട്ടു മക്കൾക്കുമൊപ്പം പതിറ്റാണ്ടുകളോളം കരുളായി ഉൾവനത്തിൽ മണ്ണളയിലാണ് താമസിച്ചിരുന്നത്. 2018ലെ പ്രളയമാണ് ചടയന്റെ ജീവിതം മാറ്റിമറിച്ചത്. വെള്ളപ്പൊക്കത്തിൽ താളിപ്പുഴയോരത്തെ കുടിലുകൾ ഒലിച്ചുപോയി. പുഴ ഗതിമാറി ഒഴുകി.
ജീവനുംകൊണ്ടോടിയ ചടയനും കുടുംബവും പിന്നീട് മണ്ണളയിലേക്ക് തിരിച്ചുപോയില്ല. മക്കളും പേരമക്കളുമായി പുലിമുണ്ടയിലാണ് ഇപ്പോൾ താമസം. അതിനിടയിലാണ് താങ്ങും തണലുമായിരുന്ന ഭാര്യ കുറുമ്പി ജീവിതത്തിൽനിന്ന് മറഞ്ഞത്. പനി ബാധിച്ചായിരുന്നു മരണം.
കായ്ക്കനികൾ ശേഖരിച്ചും തേനെടുത്തുമായിരുന്നു ചടയൻ കുടുംബം പുലർത്തിയത്. തേനും കുന്തിരിക്കവുമെല്ലാം കാട്ടിൽ വളരെ കുറഞ്ഞതായി ചടയൻ പറയുന്നു. ശാരീരിക അവശതകൾ കാരണം കാട് കയറാനാവുന്നുമില്ല. മാഞ്ചീരിയിലെ പട്ടികവർഗ സഹകരണ സംഘത്തിൽനിന്ന് സൗജന്യമായി ലഭിക്കുന്ന അരിയാണ് ഏക ആശ്രയം. വാർധക്യകാല പെൻഷൻ ഇന്നും സ്വപ്നം മാത്രമാണ്.
പുലിയും ആനയും വിഹരിക്കുന്ന കൊടുംകാട്ടിൽ അടച്ചുറപ്പുള്ള വീടെന്ന ആഗ്രഹവും സ്വപ്നമായി ശേഷിക്കുന്നു. പുലിമുണ്ടയിലെ വനംവകുപ്പ് കെട്ടിടത്തിലും സമീപത്ത് ടെന്റ് കെട്ടിയുമാണ് ചടയനും മക്കളും പേരമക്കളും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.