കേരള കോ-ഓപറേറ്റീവ് സൊസൈറ്റീസ് ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പുവെക്കരുതെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: റീജിയണല്‍ കോ-ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ മാനേജ്മെന്‍റ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടു വരുന്ന കേരള കോ-ഓപറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സുധാകരൻ കത്തുനല്‍കി.

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമേ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളൂ എന്നിരിക്കെ വളഞ്ഞവഴിയിലൂടെ ഭരണം പിടിക്കുന്നതിന് വേണ്ടിയാണ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത്. തെക്കന്‍മേഖല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി 56 അഡ്മിനിസ്ട്രേറ്റര്‍മാര്‍ വോട്ട് ചെയ്യുകയും ഇതിനെതിരെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.

കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചത്. ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കരുതെന്നും സുധാകരന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, തിരുവനന്തപുരം മുന്‍മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, വട്ടപ്പാറ ചന്ദ്രന്‍, പ്രതുല ചന്ദ്രന്‍, കളത്തില്‍ ഗോപാലകൃഷ്ണന്‍, ബിജു ഫിലിപ്പ് തുടങ്ങിയവര്‍ ഗവര്‍ണറെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Kerala Co-operative Societies Ordinance should not be signed by the Governor. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.