കോട്ടയം: കേരള കോൺഗ്രസ് പാർട്ടികളിൽ മക്കൾ രാഷ്ട്രീയം തുടർക്കഥയാണെന്ന് തെളിയിച്ച് പി.ജെ. ജോസഫിന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ്. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗം അപുവിന് പാർട്ടിയിലെ ഉന്നതസ്ഥാനങ്ങൾ നൽകി. പാർട്ടി സംസ്ഥാന കോഓഡിനേറ്ററായി നിയമിച്ച അപുവിനെ ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തി. എൻ.സി.പി വിട്ട് കേരള കോൺഗ്രസിൽ എത്തിയ റെജി ചെറിയാനെയും കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെയും വൈസ് ചെയർമാന്മാരാക്കി.
പുതിയ നിയമനത്തിലൂടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി അപു മാറി. മക്കൾ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് പാർട്ടികളിൽ ജോസഫ് ഗ്രൂപ്പും അത് പിന്തുടരുന്നതിന്റെ സൂചനയായി അപുവിന്റെ സ്ഥാനക്കയറ്റം. വരുന്ന തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽനിന്ന് അപു മത്സരിച്ചേക്കും. അതിനിടെ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയുടെ മകനും അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ ചെറുമകനുമായ കുഞ്ഞുമാണി എന്ന കെ.എം. മാണി ജൂനിയറും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുകയാണ്.
അപു നേതൃനിരയിലേക്ക് എത്തുമെന്ന് നേരത്തേതന്നെ വിവരമുണ്ടായിരുന്നു. പാർട്ടിയെ നയിക്കാൻ ജോസഫിന്റെ മകൻ വരണമെന്ന ആവശ്യം പാർട്ടിയിലും ഉയർന്നിരുന്നു. പാർട്ടിയുടെ ഐ.ടി സെൽ കൺവീനറായിരിക്കെയാണ് പുതിയ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.