കോട്ടയം: നിയമസഭ കൈയാങ്കളി കേസിൽ സഭയിലും പുറത്തും നിഷ്പക്ഷ നിലപാട് സ്വീകരിച്ചാൽ മതിയെന്ന് കേരള കോൺഗ്രസ്-എം തീരുമാനം. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിനും നിയമസഭ അംഗങ്ങൾക്കും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നിർദേശം നൽകി. ഇതനുസരിച്ച് പാർട്ടി നിലപാട് നിയമസഭയിൽ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ വ്യാഴാഴ്ച വ്യക്തമാക്കി.
സുപ്രീംകോടതി വിധി എന്തായാലും കേരള കോൺഗ്രസ്-എം ഇടതുമുന്നണിയുടെ ഭാഗമായതിനാൽ നിഷ്പക്ഷ നിലപാട് മതിയെന്ന് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയും മുതിർന്ന നേതാക്കളും നേരേത്ത നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജോസ് കെ. മാണി കീഴ്ഘടകങ്ങൾക്ക് നേരിട്ട് നിർദേശം കൈമാറുകയായിരുന്നു. കൈയാങ്കളി കേസിൽ സർക്കാറിെൻറ അപ്പീൽ തള്ളിയതിൽ ആഹ്ലാദമുണ്ടെങ്കിലും യു.ഡി.എഫിന് സഹായകമാവുന്നതൊന്നും പാർട്ടിയിൽനിന്ന് ഉണ്ടാകരുതെന്നാണ് പൊതുതീരുമാനം.
ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമായതിനാൽ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കണമെന്നും നേതൃത്വം നിർദേശിച്ചു. സുപ്രീംകോടതി വിധിയുടെ തെറ്റും ശരിയും ഇപ്പോൾ പറയുന്നില്ലെന്നും വിചാരണ നടക്കട്ടെയെന്നും ജോസ് കെ. മാണി പ്രതികരിച്ചതും കരുതലോടെയായിരുന്നു. പാർട്ടി നിലപാട് ഒരുകാരണവശാലും സർക്കാറിന് ദോഷകരമാകരുതെന്ന് പാർട്ടി ആഗ്രഹിക്കുന്നു -ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തോടും കേരള കോൺഗ്രസ്-എമ്മിന് യോജിപ്പില്ല. യു.ഡി.എഫ് നിലപാടിനെ കേരള കോൺഗ്രസ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മന്ത്രി മാറിനിൽക്കണമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കുമെന്നായിരുന്നു മറുപടി. ഫലത്തിൽ ഇടതുമുന്നണിക്കോ സർക്കാറിേനാ ദോഷകരമാവുന്നതൊന്നും കേരള കോൺഗ്രസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തം.
വാദത്തിനിടെ കെ.എം. മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകൻ പറഞ്ഞതും വിവാദമാക്കാൻ കേരള കോൺഗ്രസ് തയാറായിരുന്നില്ല. പ്രതിേഷധം രഹസ്യമായി സി.പി.എം നേതൃത്വത്തെ അറിയിക്കുകയായിരുന്നു ചെയ്തത്. സത്യവാങ്മൂലത്തിൽ കെ.എം. മാണിയുടെ പേര് ഇല്ലെന്ന വാദമാണ് ജോസ് അന്ന് ഉയർത്തിയത്. മുൻ ധനമന്ത്രിയുടെ കാലത്ത് അഴിമതി ആരോപണം ഉണ്ടായിരുെന്നന്നുമാത്രമാണ് സത്യവാങ്മൂലത്തിലുള്ളതെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയത്. കേരള കോൺഗ്രസിെൻറ യഥാർഥ ശത്രു യു.ഡി.എഫ് ആണെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതിനിടെ, കൈയാങ്കളി കേസിൽ മുന്നണി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഘടകകക്ഷി നേതാക്കളുമായി സി.പി.എം നേതൃത്വം ചർച്ച തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.