തിരുവനന്തപുരം: ത്രിപുരയിലും ബംഗാളിലുമെന്ന പോലെ കേരളത്തിലും സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം പാർട്ടിയുടെ അടിത്തറ ദുർബലപ്പെടുത്തിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. കേരളത്തിൽ ജാതി മത സ്വത്വരാഷ്ട്രീയം നമ്മുടെ പരമ്പരാഗത അടിത്തറയെ ബാധിച്ചിട്ടുണ്ടെന്ന് എടുത്തുപറയുന്ന കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സ്വത്വരാഷ്ട്രീയത്തെ വർഗാധിഷ്ഠിത രാഷ്ട്രീയം അടിസ്ഥാനമാക്കി ചെറുക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും നിർദേശിക്കുന്നു.
സി.പി.എമ്മിന്റെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ മേഖലകളിൽ ഇക്കുറി വലിയ തോതിലുള്ള ചോർച്ചയാണുണ്ടായത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഈ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി. ഇതരമണ്ഡലങ്ങളിലെ കണക്കിലും പലേടങ്ങളിലും ഈ നിലയിലുള്ള വോട്ടിങ് രീതി പ്രകടമാണെന്നാണ് പാർട്ടി വിലയിരുത്തിയത്. ബി.ഡി.ജെ.എസിന്റെ ഇടപെടലാണ് ഇതിന്റെ കാരണമായി സി.പി.എം മനസ്സിലാക്കുന്നത്. മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന് അനുകൂലമായി മാറിയതിന് പിന്നിൽ സാമുദായിക സംഘടനകളുടെ സ്വാധീനമാണ്.
സമാനനിലയിൽ സ്വത്വരാഷ്ട്രീയ സ്വാധീനത്താൽ ഇതര പിന്നാക്ക വിഭാഗ വോട്ടുകളിലും ഏകീകരിക്കപ്പെട്ട വോട്ടുകൾ ബി.ജെ.പിക്കും ചിലയിടത്ത് കോൺഗ്രസിനും അനുകൂലമായെന്നും വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്വരാഷ്ട്രീയത്തിന്റെ വളർച്ച കേരളത്തിൽ പാർട്ടിയുടെ അടിത്തറ തകർക്കുകയാണെന്ന ഗൗരവപരമായ ആശങ്ക കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. ത്രിപുരയിലും ബംഗാളിലും പാർട്ടി തകർന്നതിന്റെ സാഹചര്യം സമാനമാണെന്നും കേന്ദ്ര അവലോകന റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
ത്രിപുരയിൽ ഗോത്ര വിഭാഗങ്ങളായിരുന്നു പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്ക്. ഗോത്ര സമൂഹങ്ങളിൽ ഗോത്ര സ്വത്വരാഷ്ട്രീയം സ്വാധീനം നേടിയതോടെ സി.പി.എമ്മിന്റെ അടിത്തറ തകർന്നു. തിരിച്ചുവരവിന് പോലും സാധ്യമല്ലാത്ത തകർച്ചയിലാണ് ത്രിപുരയിലെ പാർട്ടി. ബംഗാളിൽ ടി.എം.സിയും ബി.ജെ.പിയും അവലംബിച്ച ജാതി, വംശീയ അധിഷ്ഠിത സ്വത്വരാഷ്ട്രീയം സംസ്ഥാനത്ത് പൊതുവിലും വടക്കൻ ബംഗാളിലും പ്രത്യേകിച്ചും പാർട്ടിയുടെ അടിത്തറയെ തകർത്തെന്നും കേന്ദ്ര കമ്മിറ്റി അവലോകനത്തിൽ പറയുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണ് പാർട്ടിക്ക് മുന്നിലുള്ള ഭീഷണിയായി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.