കൽപറ്റ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ഉടമസ്ഥതയിലുള്ള ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമായ കൃഷ്ണഗിരിയിലെ പുൽമൈതാനത്തിന് ഇന്ന് പത്താം പിറന്നാൾ. 2013 ഡിസംബർ 17ന് അന്നത്തെ കേരള ഗവർണറായിരുന്ന നിഖിൽ കുമാറാണ് രാജ്യത്തിന് സ്റ്റേഡിയം സമർപ്പിച്ചത്. മനോഹരമായ പുൽമൈതാനിയിൽ ടെസ്റ്റ് മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകളാണുള്ളത്. അന്നുമുതൽ മത്സരങ്ങളും പരിശീലനവും ക്യാമ്പുകളുമായി വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗരിമ വളർന്നുകൊണ്ടിരിക്കുകയാണ്. 2009 ജനുവരിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ റോബിൻ സിങ്, സുനിൽ ജോഷി എന്നിവർ ചേർന്നാണ് സ്റ്റേഡിയ നിർമ്മാണത്തിനു തറക്കല്ലിട്ടത്. നാലു വർഷം കൊണ്ട് പണി പൂർത്തിയാവുകയും ചെയ്തു.
ഏകദേശം ഏഴു കോടി രൂപയായിരുന്നു നിർമാണച്ചെലവ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണപ്രവർത്തനങ്ങൾ. ഈ കാലയളവിൽ സീനിയർ രഞ്ജി ട്രോഫിയുടെ പത്തോളം ടൂർണമെന്റുകൾ, ജൂനിയർ കാറ്റഗറി അണ്ടർ 19, ജൂനിയർ അണ്ടർ കാറ്റഗറി 16 ടൂർണമെന്റുകൾ, അണ്ടർ 19 കൂച് ബീഹാർ, വിജയ് മർച്ചന്റ് ട്രോഫി, ഇന്ത്യ എ ടീം തുടങ്ങി നിരവധി മത്സരങ്ങൾ ഇവിടെ നടത്തി. സൗത്ത് ആഫ്രിക്കയിലെ 90 ശതമാനം ടീമുകളും ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ട്. ടീം ലീഡറായതിന് ശേഷം രാഹുൽ ദ്രാവിഡ് മൂന്ന് തവണയാണ് സ്റ്റേഡിയം സന്ദർശിച്ചത്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ശിഖർ ധവാൻ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഗൗതം ഗംഭീർ, ആവേശ് ഖാൻ, വയനാട്ടിലെ വനിത താരങ്ങളായ മിന്നു മണി, സജന സജീവ്, ജോഷിത, ഇ.വി. ദൃശ്യ, നദ്ല, കേരള ക്രിക്കറ്റിൽ സീനിയർ വിഭാഗത്തിൽ കളിക്കാൻ അവസരം ലഭിച്ച അഖിൽ സത്താർ, മുഹമ്മദ് അജ്നാസ് എന്നീ താരങ്ങൾ മൈതാനത്ത് കളിക്കിറങ്ങിയവരാണ്. സ്റ്റേഡിയത്തിൽ കൂടുതലായി ക്യാമ്പുകളാണ് നടക്കുന്നത്. എല്ലാ കാറ്റഗറിയിലുമുള്ള ക്യാമ്പുകളും നടക്കുന്നുണ്ട്. ക്യാമ്പുകൾക്ക് ഏറ്റവും അനുയോജ്യമായ കാലവാസ്ഥയാണ് കൃഷ്ണഗിരി സ്റ്റേഡിയത്തിനുള്ളത്.
സ്റ്റേഡിയത്തിൽ 2014ൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷത്തിനുള്ളിൽ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ-എ ടീമും ഡെയിൻ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക-എ ടീമും തമ്മിൽ 2015ൽ നടന്ന ചതുർദിന ടെസ്റ്റ് മത്സരമായിരുന്നു അത്. ഇന്ത്യ-എ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആയിരുന്നു. മത്സരം സമനിലയിലാണ് അവസാനിച്ചത്.
ആദ്യ രാജ്യാന്തര മത്സരത്തിൽ ദക്ഷിണാഫ്രിക്ക-എ ടീമിന്റെ ഓംഫിലെ റമേല നേടിയ സെഞ്ച്വറിയാണ് സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര സെഞ്ച്വറി. ഇതേ മത്സരത്തിൽ തന്നെ ഇന്ത്യ-എ ടീമിനു വേണ്ടി മലയാളി താരം കരുൺ നായർ നേടിയ സെഞ്ച്വറിയാണ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ആദ്യ രാജ്യാന്തര സെഞ്ച്വറി.
കൽപറ്റ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ മൂന്ന് സ്റ്റേഡിയങ്ങളിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. അതിൽ പ്രഥമ പരിഗണന കൃഷ്ണഗിരി സ്റ്റേഡിയത്തിനാണ്.
ആലപ്പുഴ, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളാിലാണ് മറ്റ് സ്റ്റേഡിയങ്ങൾ. നിലവിൽ പിച്ചിന്റെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അതിനുശേഷം രഞ്ജി ട്രോഫിയുൾപ്പെടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി നാസർ മച്ചാൻ പറഞ്ഞു.
കൽപറ്റ: 12 വർഷത്തോളമായി വനിത ക്രിക്കറ്റ് അക്കാദമി വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു വർഷത്തോളമായി സ്റ്റേഡിയത്തിലാണ് അക്കാദമിയുടെ പ്രവർത്തനം. ഇവിടെ 20 ഓളം കുട്ടികൾ പരിശീലിക്കുന്നുണ്ട്. വയനാടിന്റെ അഭിമാനമായ മിന്നുമണിയുൾപ്പെടെ ഈ അക്കാദമിയുടെ സംഭാവനയാണ്. ഭാവി വാഗ്ദാനങ്ങളായ ദൃശ്യ, ജോഷിത, നജ്ല എന്നിവരും അക്കാദമിയുടെ സംഭാവനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.