തൃശൂർ: പരാതികൾ, നിർദേശങ്ങൾ, നിവേദനങ്ങൾ എന്നിവ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, വകുപ്പ് മേധാവികൾ എന്നിവരെ നേരിട്ടറിയിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കി ശിക്ഷനടപടികൾക്ക് വിധേയമാക്കുമെന്ന് സർക്കാർ ഉത്തരവ്. സ്വന്തം ഓഫിസ് മേധാവികൾക്ക് മാത്രമേ പരാതികളോ, നിവേദനങ്ങളോ നൽകാവൂവെന്ന് വ്യക്തമാക്കി ജീവനക്കാർക്ക് പെരുമാറ്റച്ചട്ടമിറങ്ങി.
കഴിഞ്ഞ ഭരണകാലത്ത് സർക്കാർ രേഖകളുൾപ്പെടെ പുറത്തുവന്നത് പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ കരുതലെടുക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം. സേവന വേതനവുമായി ബന്ധപ്പെട്ടതും വ്യക്തിഗതമായതുമായ പരാതികളും നിവേദനങ്ങളും ചട്ടങ്ങൾ പാലിച്ച് മേലുദ്യോഗസ്ഥന് അല്ലെങ്കിൽ നിയമനാധികാരിക്കോ, പരാതി പരിഹരിക്കേണ്ട തലത്തിലെ ഉദ്യോഗസ്ഥനോ സമർപ്പിക്കാമെന്നായിരുന്നു ചട്ടം. എന്നാൽ, ഗവർണർ മുതൽ മുഖ്യമന്ത്രി, മന്ത്രിമാർ, വകുപ്പ് മേധാവിമാർ ഇതര വകുപ്പിലുള്ളവർ എന്നിവർക്ക് പൊതുജന പരിഹാര സെല്ലിലൂടെയും തപാൽ മാർഗവും പരാതികൾ അയക്കാറുണ്ട്.
ജീവനക്കാരുടെ സംഘടനകളും നിവേദനങ്ങളും പരാതികളും സമർപ്പിക്കാറുണ്ട്. എന്നാൽ, ഇത് ശിക്ഷാർഹമാണെന്നും കടുത്ത അച്ചടക്ക നടപടിക്ക് കാരണമായതാണെന്നും ഉത്തരവിലുണ്ട്. പൊതുജന പരാതി പരിഹാര സെൽ പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ജീവനക്കാരുടെ പരാതികൾക്ക് പരിഹാരം കാണാൻ ചട്ടപ്രകാരമുള്ള വ്യവസ്ഥാപിത മാർഗങ്ങൾ ഉള്ളപ്പോൾ അത് അവഗണിച്ചും ചട്ടം ലംഘിച്ചും സർക്കാറിന്നിവേദനങ്ങൾ നൽകുന്നത് പെരുമാറ്റച്ചട്ടം 1960 റൂൾ 94ന് വിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.