കൊച്ചി: സർവ മേഖലയിലും ജനങ്ങളെ ഞെക്കിപ്പിഴിയുന്ന സർക്കാർ തോട്ടം മേഖലയെ സമ്പൂർണ നികുതിരഹിതമാക്കുന്നു. ഇതോടെ മൊത്തം റവന്യൂ ഭൂമിയുടെ 20 ശതമാനത്തോളം വരുന്ന തോട്ടം മേഖലയിൽനിന്ന് സംസ്ഥാനത്തിന് ഒരു വരുമാനവും ഇല്ലാതാകുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവുടമകളായ കോർപറേറ്റ് കമ്പനികൾ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിനു പുറമെയാണ് വൻ ഇളവുകളും നൽകുന്നത്.
തോട്ടം നികുതികൂടി ഒഴിവാക്കപ്പെട്ടതോടെയാണ് മേഖല സമ്പൂർണ നികുതിരഹിതമാകുന്നത്. നേരത്തേ കാർഷിക ആദായനികുതി, മരങ്ങൾ മുറിക്കുന്നതിനുള്ള സീനിയറേജ് എന്നിവ ഒഴിവാക്കിയിരുന്നു. ഭൂരിഭാഗം തോട്ടം ഉടമകളും ഭൂനികുതി അടക്കുന്നുമില്ല. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇത് നിയമമായി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കി.
തോട്ടം മേഖല ആകെ നഷ്ടത്തിലെന്ന ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കി നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ 2018ല്‍ തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ നിയമമായി പുറത്തിറങ്ങിയത്. അതേസമയം, പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിട തോട്ടം ഉടമകളോട് സർക്കാർ കാണിക്കുന്ന കാരുണ്യം ദുരൂഹമാണെന്ന് വിമർശനം ഭൂസമരക്കാർ ഉയർത്തിയിട്ടുണ്ട്. 2018-19ലെ കണക്കനുസരിച്ച് 15,58,021.44 ഏക്കറാണ് സംസ്ഥാനത്തെ തോട്ടം മേഖല. ഇത്രത്തോളം വലിയ ഭൂമിയുടെ ഉപയോഗവും വിളകളും എല്ലാമാണ് നികുതിയിൽനിന്ന് ഒഴിവാക്കപ്പെടുന്നത്. കുടിയാൻ എന്ന പേരിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി പല കമ്പനികളും കൈവശം വെക്കുന്നുണ്ട്. ഇതിനുള്ള പാട്ടത്തുകപോലും ഒരു കമ്പനിയും അടക്കുന്നില്ല. ഭൂമിയിൽനിന്നുള്ള വരുമാനത്തിന്റെ 75 ശതമാനമാണ് പാട്ടമായി അടക്കേണ്ടത്.
തോട്ടംഭൂമിയിൽനിന്ന് മുറിക്കുന്ന റബർ മരങ്ങളുടെ തടിക്ക് ക്യുബിക് മീറ്ററിന് 2500 രൂപയും വിറകിന് 900 രൂപയുമാണ് സീനിയറേജ് ഇനത്തിൽ സർക്കാറിൽ അടക്കേണ്ടിയിരുന്നത്. നാലു ലക്ഷം മരങ്ങൾ മുറിക്കാനാണ് ഹാരിസൺസ് കമ്പനി അനുമതി തേടിയിരുന്നത്. ഒരുമരം കുറഞ്ഞത് രണ്ട് ക്യുബിക് മീറ്ററിലേറെവരും. ഈ ഇനത്തിൽ ഹാരിസൺസിന് മാത്രം ലാഭം 200 കോടിയിലേറെ രൂപയാണ്. അതിന്റെ ഇരട്ടിയോളമാണ് മറ്റ് കമ്പനികൾക്ക് ഇളവനുവദിച്ചത്. ഇത് ചിലർ ഹൈകോടതിയിൽ ചോദ്യം ചെയ്തപ്പോർ ബോണ്ടുവെച്ച ശേഷം മരങ്ങൾ മുറിക്കാൻ കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകുകയായിരുന്നു.
ബോണ്ടായി നൽകിയത് അവർക്ക് ഉടമസ്ഥതയില്ലെന്ന് സർക്കാർ തന്നെ പറയുന്ന അവരുടെ കൈവശഭൂമിയാണെന്ന് ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായിട്ടും കേസ് പിന്നീട് ഹൈകോടതി പരിഗണിച്ചിട്ടില്ല. ട്രാവൻകൂർ റബേഴ്സ് തോട്ട ഭൂമിയിലെ തേക്ക്, ഈട്ടി മരങ്ങൾ മുറിക്കാൻ അനുമതി തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.