തിരുവനന്തപുരം: വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമിടെ ലോകായുക്തയുടെ ചിറകരിഞ്ഞ് 2022ലെ കേരള ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ദേഭഗതി ഭരണഘടന വിരുദ്ധമാണെന്നതടക്കം നിയമപരമായ തടസ്സവാദങ്ങൾ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അതിനെയെല്ലാം മറികടന്നായിരുന്നു സർക്കാർ നീക്കം. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ലോകായുക്ത വിധിയെ മുഖ്യന്ത്രിയടക്കം ഉൾപ്പെടുന്ന അപ്പലേറ്റ് അതോറിറ്റിക്ക് സ്വീകരിക്കാനോ നിരസിക്കാനോ അധികാരം നൽകുന്ന ദേഭഗതി ഫലത്തിൽ ജുഡീഷ്യറി അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. ജുഡീഷ്യറിയും എക്സിക്യൂട്ടിവും രണ്ടായിരിക്കണമെന്ന ഭരണഘടന അനുശാസനയുടെ കടയ്ക്കൽ കത്തിവെക്കുന്ന നീക്കമാണിതെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു. എന്നാൽ ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും പരിശോധിക്കാനും അന്വേഷണം നടത്താനുമുള്ള സംവിധാനം മാത്രമാണെന്ന് നിയമത്തിൽതന്നെ പറയുന്നുണ്ടെന്നുമുള്ള വാദം ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി ബില്ല് അവതരിപ്പിച്ച നിയമമന്ത്രി പി. രാജീവിന്റെ പ്രതിരോധം.
അന്വേഷിക്കുന്ന ഏജൻസി തന്നെ വിധി പറയാൻ വ്യവസ്ഥ ചെയ്യുന്ന കേരള ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ലോകത്തിൽ മറ്റെങ്ങുമില്ലെന്നും ഈ പോരായ്മ തിരുത്തി നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു. ദീർഘനേരം നടന്ന ചൂടേറിയ ചർച്ചക്ക് ശേഷമാണ് ലോകായുക്ത ദേഭഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.കെ.കെ. ശൈലജ, മാത്യു കുഴൽനാടൻ, സണ്ണി ജോസഫ്, കെ.ടി. ജലീൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.