കൊച്ചി: സർക്കാർ സഹായം പറ്റുന്ന എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായം ലഭിക്കാൻ നിലവിലെ രീതിയിൽ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുമ്പോൾ രോഗികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകുമെന്ന ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
എച്ച്.ഐ.വി ബാധിതനായ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത് ഗൗരവമുള്ള പ്രശ്നമാണെന്ന് വിലയിരുത്തിയാണ് കോടതി സർക്കാറിന്റെ വിശദീകരണം തേടിയത്. സെപ്റ്റംബർ 29നകം വിശദീകരണം നൽകാനാണ് നിർദേശം.
എച്ച്.ഐ.വി ബാധിതരിൽ ഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാൽ തന്നെ ചികിത്സക്കടക്കം സർക്കാർ സഹായം ആവശ്യമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും വ്യക്തമാക്കി.
എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി വെക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്ന് വിഷയം ഒക്ടോബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.