തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിലെ സ്റ്റേഷനുകളുടെ നിർമാണത്തിനും വേണ്ടത് സ്വകാര്യ ഭൂമിതന്നെ. 10 ജില്ലകളിലായി 246 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുകയെന്ന് അതിവേഗ പാത സംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 105.67 ഹെക്ടർ വെള്ളക്കെട്ടാണ്. 80.09 ഹെക്ടർ തുറസ്സായ ഭൂമിയും 60.41 ഹെക്ടർ കുറഞ്ഞ അളവിലാണെങ്കിലും ജനവാസ മേഖലയുമാണ്.
കൊല്ലത്താണ് സ്റ്റേഷൻ നിർമാണത്തിന് കൂടുതൽ ഭൂമി വേണ്ടി വരുക. 300 ലക്ഷം ലിറ്റർ വെള്ളമാണ് പാത നിർമാണത്തിനായി വേണ്ടിവരുകയെന്നാണ് കണക്കാക്കുന്നത്. കോട്ടയത്ത് സ്റ്റേഷൻ കൊടൂരാർ തീരത്താണ്. വർഷത്തിൽ പകുതിയിലേറെ മാസവും വെള്ളക്കെട്ടുള്ള ഇവിടം നികത്തൽ പ്രായോഗികമല്ലെന്ന വിലയിരുത്തലുമുണ്ട്. ഇക്കാര്യം ദക്ഷിണ റെയിൽവേയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാത പോകുന്ന മേഖലയിൽ പലതും ചതുപ്പുനിലമാണ്.
എത്രത്തോളം കൃഷിഭൂമിയും തണ്ണീർത്തടങ്ങളും വീടുകളും ജനവാസമേഖലകളുമെല്ലാം ഏറ്റെടുക്കേണ്ടി വരുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുകയോ വിശദാംശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. അതേസമയം, അതിവേഗ റെയിൽ പരിസ്ഥിതി ബാധിക്കാത്തനിലയിൽ നടപ്പാക്കുമെന്നും പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പാടശേഖരങ്ങളുള്ള ഭാഗങ്ങളിൽ ആകാശപാതയാണ് വിഭാവനം ചെയ്തതെന്നാണ് സർക്കാർ വിശദീകരണം. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് അലൈൻമെൻറ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സ്റ്റേഷനുകൾക്കായി വേണ്ട ഭൂമി ഇങ്ങനെ:
-തിരുവനന്തപുരം 16.66 ഹെക്ടർ
-കൊല്ലം 53.68 ഹെക്ടർ
-ചെങ്ങന്നൂർ 14.18 ഹെക്ടർ
-കോട്ടയം 15.51 ഹെക്ടർ
-കൊച്ചി 16.97 ഹെക്ടർ
-തൃശൂർ 36.48 ഹെക്ടർ
-തിരൂർ 13.04 ഹെക്ടർ
-കോഴിക്കോട് 19.13 ഹെക്ടർ
-കണ്ണൂർ 13.75 ഹെക്ടർ
-കാസർകോട് 46.66 ഹെക്ടർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.