ന്യൂഡല്‍ഹി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഹൈകോടതി മീഡിയ റൂം തുറന്നുകൊടുക്കാനായിട്ടില്ളെന്നും ഇപ്പോള്‍ തുറന്നുകൊടുത്താല്‍ പ്രശ്നം രൂക്ഷമാകുമെന്നും കേരള ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്ന വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോഴാണ് ഹൈകോടതി നിലപാട് വ്യക്തമാക്കിയത്. ഹൈകോടതി ഇതേ വിഷയത്തില്‍ എടുത്ത കേസ് ഈ മാസം 21ന് പരിഗണിക്കുന്നതിനാല്‍ പത്രപ്രവര്‍ത്തകരുടെ ഹരജി അതിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയം ഭരണഘടനയുടെ 19ാം അനുഛേദവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ ഗൗരവത്തിലെടുക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കപില്‍ സിബല്‍ വാദിച്ചു. പ്രശ്നത്തിന് ഹൈകോടതിയില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ളെന്നും ആവശ്യമില്ലാതെ പ്രശ്നം നീട്ടിക്കൊണ്ടുപോകേണ്ടതില്ളെന്നും ഭരണഘടനയുടെ 19ാം അനുഛേദമനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സംരക്ഷിച്ച് മീഡിയ റൂം തുറക്കാന്‍ ഉത്തരവിട്ടാല്‍മാത്രം മതിയെന്നും സിബല്‍ ബോധിപ്പിച്ചു.
എന്നാല്‍, വാര്‍ത്തയെച്ചൊല്ലി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതില്‍നിന്നാണ് തുടക്കമെന്ന് പറഞ്ഞ് സംഘര്‍ഷത്തിന്‍െറ നാള്‍വഴി ഹൈകോടതി അഭിഭാഷകന്‍ അഡ്വ. വി. ഗിരി സുപ്രീംകോടതിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഹൈകോടതി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും ഗിരി ബോധിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് 21ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈകോടതി രജിസ്ട്രാര്‍ക്ക് വേണ്ടി വി. ഗിരി അറിയിച്ചു. അതുവരെ കേസ് പരിഗണിക്കരുതെന്ന അഭ്യര്‍ഥന മാനിച്ച ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ച് 21ന് ശേഷം ഹരജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. അതിനിടെ, കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. ഹൈകോടതിയില്‍ മാത്രമല്ല, വിവിധ ജില്ലാ കോടതികളിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇത് ഹൈകോടതിയില്‍ത്തന്നെ പരിഹരിക്കേണ്ട കാര്യമാണെന്നും അതിനാല്‍ ഹരജി തള്ളണമെന്നും അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.