തിരുവനന്തപുരം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുമ്പോഴും ഒളിച്ചുകളിച്ച് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിൽ രണ്ട് ഡെങ്കിപ്പനി മരണം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. യുവാക്കളും കുട്ടികളും അടക്കം പനി ബാധിച്ചു മരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പനി അതിരൂക്ഷമായിട്ടും പണിക്കണക്കും പനിമരണ കണക്കും കൃത്യമായി പുറത്ത് നൽകുന്നില്ല. പൊതു അവധി ദിവസമായ ഞായറാഴ്ചത്തെ തുച്ഛമായ പനിക്കണക്കാണ് തിങ്കളാഴ്ച വൈകിയും ആരോഗ്യവകുപ്പിന്റെ സൈറ്റിലുണ്ടായിരുന്നത്. രാത്രി വൈകി നൽകിയ കണക്കിൽ തിങ്കളാഴ്ചത്തെ പനി ബാധിതർ 12,984 പേരാണ്.
110 പേർക്ക് ഡെങ്കിയും എട്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് 43 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മാത്രം ഡെങ്കി സമാന ലക്ഷണങ്ങളോടെ മൂന്നു പേർ മരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 1.43 ലക്ഷം പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇത് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലെ കണക്കാണ്. സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണംകൂടി ആകുമ്പോൾ എണ്ണം ഇരട്ടിയിലധികം വരും.
മിക്കവർക്കും എലിപ്പനി, ഡെങ്കിപ്പനി, മലേറിയ എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. 13 കാരിയും 42 വയസ്സായ ആളുമാണ് മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ ചെറിയ കുഞ്ഞും ഉൾപ്പെട്ടിരുന്നു. പനിബാധിതർ കൂടുതൽ മലപ്പുറം ജില്ലയിലാണെങ്കിൽ എറണാകുളമാണ് ഡെങ്കിപ്പനിയുടെ കേന്ദ്രം. എലിപ്പനി പത്തനംതിട്ടയെ പിടിച്ചുലക്കുകയാണ്. മഴക്കാല പൂർവശുചീകരണവും ഉറവിടത്തിലെ മാലിന്യനിർമാർജനവും പാളിയതാണ് പകർച്ചവ്യാധി വ്യാപിക്കാൻ കാരണം. സംസ്ഥാനത്ത് കഴിഞ്ഞദിവസം 191 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഈ മാസം ഇതുവരെ 16 മരണവും റിപ്പോർട്ട് ചെയ്തു. 14 മരണം ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളുമായി ചികിത്സതേടിയവരത്രെ. എലിപ്പനി ബാധിച്ച് ഈ മാസം 11 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടു മരണം എലിപ്പനി സമാനലക്ഷണങ്ങളുള്ളതാണ്. സമാനലക്ഷണങ്ങളാലുള്ള മരണങ്ങൾ യഥാർഥ മരണങ്ങളിൽ ഉൾപ്പെടുത്താറില്ല.
പത്തനംതിട്ട: പനി വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനിക്കും ശക്തമായി പെയ്യുന്ന മഴ എലിപ്പനിക്കും കാരണമാകും. എലിപ്പനി പെെട്ടന്ന് സങ്കീർണമാകുന്നതായി ബോധ്യമായിട്ടുണ്ട്. ഇപ്പോൾ മണിക്കൂറുകൾക്കകം എലിപ്പനി തിരിച്ചറിയാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പനി വ്യാപനത്തിൽ പ്രതിരോധമാണ് പ്രധാനമെന്നും കൊതുകുകളുടെ ഉറവിട നശീകരണത്തിനൊപ്പം ഡെങ്കി കണ്ടെത്തിയ ഇടങ്ങളിൽ പ്രാദേശികമായി കൊതുകുകളെ നശിപ്പിക്കാനുള്ള നിർദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. പനി ബാധിച്ചവർ ഒരു കാരണവശാലും സ്വയം ചികിത്സ അരുത്. മണ്ണുമായും മലിനജലവുമായും സമ്പർക്കം പുലർത്തുന്ന എല്ലാവരും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സി സൈക്ലിൻ കൃത്യമായി കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.