തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു. ശനിയാഴ്ച എലിപ്പനി മരണവും ഡെങ്കിപ്പനി മരണവും സ്ഥിരീകരിച്ചു. 11,329 പേർക്കാണ് ശനിയാഴ്ച പനി സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 12.43 ലക്ഷംപേർ പനിക്ക് ചികിത്സതേടി. നാലു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ, 1473.
പാലക്കാട്, മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ ആണ് (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു. ഇതോടെ ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജനാണ് (60) എലിപ്പനി കാരണം മരിച്ചത്. മഴക്കാലപൂർവ ശുചീകരണവും കൊതുകിന്റെ ഉറവിടനശീകരണവും കൃത്യമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. എന്നാൽ, കാലവർഷം എത്തുംമുമ്പേ കേരളം പനിക്കിടക്കയിലാണ്.
ഡെങ്കിപ്പനിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച മാത്രം 48 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 326 പേർ സമാന ലക്ഷണങ്ങളുമായും ചികിത്സ തേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. 12 പേർക്ക് ഇവിടെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഈമാസം 877 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിൽ രണ്ട് മരണവും സമാന ലക്ഷണങ്ങളുമായി ചികിത്സതേടിയ 2801 പേരിൽ 11 മരണവും റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനിടെ 2566 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ ഏഴുമരണം ഉണ്ടായി.
ഈമാസം ഇതുവരെ 65 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മൂന്നുമരണവും ഉണ്ടായി. സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ 100 പേരിൽ ആറുമരണവും സംഭവിച്ചു. ആറുമാസത്തിനിടെ 500 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിൽ 27 മരണം റിപ്പോർട്ട് ചെയ്തു. സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ 802 പേരിൽ 39 മരണവും ഉണ്ടായി. മറ്റു പകർച്ചവ്യാധികളും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, ചെള്ളുപനി, ഡിഫ്തീരിയ കൂടാതെ, കൊതുകുകൾ പരത്തുന്ന വെസ്റ്റ്നൈൽ വൈറസും ഭീതിപരത്തുന്നു. ചെള്ളുപനി ബാധിച്ച് ഇതുവരെ അഞ്ചുമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിൽ വേദന
പേശികളിലും സന്ധികളിലും വേദന
നെഞ്ചിലും മുഖത്തും തൊലിപ്പുറത്തും ചുവന്ന തടിപ്പുകൾ
ഓക്കാനവും ഛർദിയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.