തിരുവനന്തപുരം: രണ്ടു വർഷം മുമ്പ് 23 വിദ്യാർഥികൾക്ക് നൽകിയ വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിന് കേരള സർവകലാശാല ചട്ട നിർമാണത്തിനൊരുങ്ങുന്നു. ഇതിനുവേണ്ടി സെനറ്റിെൻറ പ്രത്യേക യോഗം ഇൗ മാസം 26നു വിളിച്ചിട്ടുണ്ട്. എന്നാൽ, ചട്ട നിർമാണത്തിന് മുൻകാല പ്രാബല്യം ലഭിക്കില്ലെന്നും ഇതുവഴി വ്യാജബിരുദങ്ങൾക്ക് സാധൂകരണം ലഭിക്കുമെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.
2019ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷവിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് മാർക്ക് തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫിസറെ സർവകലാശാല പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിെട്ടങ്കിലും ബന്ധപ്പെട്ട രേഖകൾ സർവകലാശാല കൈമാറിയിട്ടില്ല.
രണ്ടുവർഷം കഴിഞ്ഞിട്ടും തെറ്റായി നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ തിരികെ വാങ്ങാനോ സർവകലാശാല തയാറായിട്ടില്ല. സ്വഭാവദൂഷ്യത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ ബിരുദം സെനറ്റിെൻറയും ഗവർണറുടെയും അനുമതിയോടെ പിൻവലിക്കാമെന്ന വ്യവസ്ഥയാണ് നിലവിൽ സർവകലാശാല നിയമത്തിലുള്ളത്. എന്നാൽ, വ്യാജമായോ പിഴവ് മൂലമോ തയാറാക്കുന്ന ബിരുദങ്ങൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ആവശ്യമില്ലെന്നിരിക്കെ ഇത്തരം ബിരുദം പിൻവലിക്കുന്നതിന് പ്രത്യേക വ്യവസ്ഥ ചട്ടങ്ങളിൽ കൂട്ടിചേർക്കണമെന്നാണ് സർവകലാശാലയുടെ നിലപാട്. കൂട്ടിച്ചേർക്കുന്ന പുതിയ വ്യവസ്ഥകൾ അംഗീകരിച്ച് ഗവർണർ ഒപ്പുെവക്കുമ്പോൾ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ. വ്യാജമായി നൽകിയ ബിരുദങ്ങൾ സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഈ നിലപാട് സഹായകരമാകുമെന്നാണ് ആക്ഷേപം.
ചട്ടഭേദഗതിക്ക് മുൻകാല പ്രാബല്യം ലഭിക്കില്ലെന്നതിനാൽ തോറ്റ വിദ്യാർഥികൾക്ക് നൽകിക്കഴിഞ്ഞ ബിരുദങ്ങൾക്ക് സാധൂകരണം ലഭിക്കാൻ ഇതുവഴിയൊരുക്കുമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിനുവേണ്ടിയാണ് രണ്ടുവർഷമായിട്ടും വ്യാജ ബിരുദങ്ങൾ റദ്ദാക്കാതെ സർവകലാശാല പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.