കേരള ജംഇയ്യതുൽ ഉലമ നവോത്ഥാന ചരിത്ര സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ
മദനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സാമൂഹിക പുരോഗതിയിൽനിന്ന് കേരളത്തെ പിറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത കാണിക്കണമെന്ന് കേരള ജംഇയ്യതുൽ ഉലമ അഹ്ലുസ്സുന്ന വൽജമാഅ നവോത്ഥാന ചരിത്ര സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. വക്കം അബ്ദുൽ ഖാദർ മൗലവി, കെ.എം. മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ.കെ. മൗലവി തുടങ്ങിയ പണ്ഡിതന്മാരും നേതാക്കളും മുസ്ലിം ഐക്യ സംഘത്തിലൂടെയും കേരള ജംഇയ്യതുൽ ഉലമയിലൂടെയും ഉണ്ടാക്കിയെടുത്ത നവോത്ഥാനത്തിന്റെ ഗുണഫലങ്ങളാണ് കേരളത്തിലെ മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്നത്.
വർഗീയത പറഞ്ഞും പ്രചരിപ്പിച്ചും ഈ സൗഹാർദം നശിപ്പിക്കാൻ ജാതിമത സംഘടന നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും സമ്മേളനം ആവശ്യപ്പെട്ടു. വഖഫ് വിഷയത്തിൽ മതവിശ്വാസികൾക്കിടയിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഇത്തരം വിഷയങ്ങളിൽ വിവിധ മതവിശ്വാസികളെയും ബന്ധപ്പെട്ടവരെയും ഒരുമിച്ചുകൂട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർതലത്തിൽ അടിയന്തര ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ജംഇയ്യതുൽ ഉലമ ആവശ്യപ്പെട്ടു. പി.പി. ഉണ്ണീൻകുട്ടി മൗലവി, കെ.വി. അബ്ദുല്ലത്തീഫ് മൗലവി, പി.പി. മുഹമ്മദ് മദനി, എം.എം. നദ്വി, എം.ടി. അബ്ദുസ്സമദ് സുല്ലമി, സി. മരക്കാരുട്ടി, സദാദ് അബ്ദുസ്സമദ്, മുസ്തഫ തൻവീർ, അഹമ്മദ് അനസ് മൗലവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.