തിരുവനന്തപുരം: 2015 നവംബറിൽ നടന്ന തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച 8750 സ്ഥാനാർഥികളെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചതിനുമാണ് നടപടി. ഇതിൽ വിജയിച്ചവരുടെ അംഗത്വം ഇതോടെ നഷ്ടപ്പെടും. പഞ്ചായത്തീ രാജ് ആക്ട്- വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 89 എന്നിവ പ്രകാരം ഡിസംബർ 20 മുതൽ അഞ്ചു വർഷത്തേക്കാണ് അയോഗ്യത. ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമീഷനെ അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അയോഗ്യരായവർക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020 ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ മത്സരിക്കാൻ സാധിക്കില്ല.
ഗ്രാമ പഞ്ചായത്തിൽ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 30,000 രൂപയും ജില്ലാപഞ്ചായത്തിൽ 60,000 രൂപയുമാണ് സ്ഥാനാർഥിക്ക് ചെലവിഴിക്കാവുന്ന തുക. മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപറേഷനുകളുടെയും കാര്യത്തിലും ഒരു സ്ഥാനാർഥിക്ക് യഥാക്രമം 30,000 വും 60,000 വും രൂപയാണ് പരമാവധി വിനിയോഗിക്കാൻ സാധിക്കുക. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ കണക്ക് നൽകാത്തവർക്ക് കമീഷൻ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റാത്തവർക്ക് പതിച്ചു നടത്തി.
ചെലവ് കണക്ക് യഥാസമയം നൽകാത്തതിന് മതിയായ കാരണങ്ങൾ ബോധിപ്പിച്ച് സമർപ്പിച്ചവർക്കെതിരെ നടപടികൾ കമീഷൻ ഒഴിവാക്കി. മൊത്തം 1572 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ളതിൽ 372 സ്ഥാപനങ്ങളിൽ മത്സരിച്ചവരാണ് പൂർണമായി ചെലവു കണക്ക് സമർപ്പിച്ച് അയോഗ്യതയിൽനിന്ന് ഒഴിവായത്. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലായി 8750 പേർക്കാണ് അയോഗ്യത. ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിൽനിന്ന് മത്സരിച്ച, 7178 പേരും മുനിസിപ്പൽ കൗൺസിലുകളിലേക്കും മുനിസിപ്പൽ കോർപറേഷനുകളിലേക്കും മത്സരിച്ച 1572 പേരും അയോഗ്യരായവരിൽപെടും. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (1031) അയോഗ്യരായത്. ഏറ്റവും കുറവ് വയനാട്(161) ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഉള്ള മലപ്പുറം(122) ജില്ലയിൽ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ ചെലവ് കണക്ക് നൽകാത്തതോ, അധിക തുക ചെലവഴിച്ചതോ ആയ 882 ഗ്രാമ പഞ്ചായത്തുകളിലെ 6559 പേരെയും 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും 14 ജില്ല പഞ്ചായത്തുകളിലെ 62 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്. 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും ആറ് കോർപറേഷനുകളിലായി 384 പേരും അയോഗ്യരായി. അയോഗ്യരായവരുടെ എണ്ണം- ജില്ല തിരിച്ച്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ എന്ന ക്രമത്തിൽ.
തിരുവനന്തപുരം -689, 44, 8, 77, 127. കൊല്ലം -668, 46, 4, 44, 37. പത്തനംതിട്ട -307, 16, 1, 64. ആലപ്പുഴ -532, 46, 2, 100. കോട്ടയം -596, 29, 3, 87. ഇടുക്കി -377, 31, 3, 36. എറണാകുളം -713, 71, 4, 162, 81. തൃശൂർ -432, 46, 4, 115, 37. പാലക്കാട് -531, 56, 3, 73. മലപ്പുറം -689, 75, 13,195. കോഴിക്കോട് -527, 57 ,9, 134, 79. വയനാട് -125, 10, 1, 25. കണ്ണൂർ -261, 18, 1, 44, 23. കാസർകോട് 121, 12, 6, 32. അയോഗ്യരായവരുടെ കൂടുതൽ വിവരങ്ങൾ കമ്മീഷെൻറ വെബ്സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.