ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ത്യക്കാർ ചെലവഴിക്കുന്നതിൽ വൻ ഗ്രാമീണ-നഗര അന്തരം; എന്നാൽ, കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരേ നിലവാരം, ഭക്ഷണത്തിനായി ചെലവഴിക്കുന്നതിൽ ദേശീയ ശരാശരിയേക്കാൾ കുറവ് കേരളത്തിൽ; രാജ്യമൊന്നടങ്കം സംസ്കരിച്ച ഭക്ഷണങ്ങളിലേക്ക് തിരിയുന്നു. ദേശീയ സാമ്പ്ൾ സർവേ ഓഫിസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവ് 2022-23 സർവേ റിപ്പോർട്ടിലെ വിവരങ്ങളിലൂടെ...
ജീവിത നിലവാരത്തിലും സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളിലുമെല്ലാം ദേശീയ സാഹചര്യങ്ങളിൽനിന്ന് ഏറെ മാറിനടക്കുന്ന ‘കേരള പ്രതിഭാസം’ ഇന്നും അതിശയകരമായി തുടരുകയാണ്. മാനവ വികസന സൂചികകളിലെല്ലാം എന്നും കേരളം മുന്നിൽ തന്നെ. വിദ്യാഭ്യാസത്തിലും ആതുര മേഖലയിലുമെല്ലാം അത് പ്രശോഭിതമായി നിലനിൽക്കുകയും ചെയ്യുന്നു. കേരളത്തിന്റെ അസൂയാവഹമായ നേട്ടങ്ങളെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഒരു വിഭാഗം ഇകഴ്ത്തി കാണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, അഭിമാന നേട്ടങ്ങൾ ഉച്ചത്തിൽ ആഘോഷിക്കാറുണ്ട് മലയാളികൾ. ഏറ്റവുമൊടുവിൽ ദേശീയ സാമ്പിൾ സർവേ ഓഫിസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിനെ കുറിച്ച 2022-23 ലെ റിപ്പോർട്ടിലും കേരളം മികച്ചുതന്നെ നിൽക്കുകയാണ്. ഉദാഹരണത്തിന് ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ ചെലവഴിക്കുന്നതിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ അന്തരം നിലനിൽക്കുന്നു. എന്നാൽ, കേരളത്തിൽ ഈ അന്തരം നാമമാത്രമാണ്. അതായത് ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിൽ കേരളം സ്വീകരിച്ച ചില നടപടികളുടെ ഫലമാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെയുള്ള കേരളീയരുടെ ചെലവിടൽ ശേഷി. അതുപോലെത്തന്നെ കേരളീയർ തങ്ങളുടെ വരുമാനത്തിൽ നിന്ന് ഭക്ഷണത്തിനായി ചെലവിടുന്നതിന്റെ ശതമാനം ദേശീയ ശരാശരിയേക്കാൾ കുറവാണ്. ഇതിന് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ഭക്ഷണച്ചെലവ് മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണെന്നും നിരീക്ഷിക്കാം. സാർവത്രിക റേഷൻ സംവിധാനം പോലുള്ളവ കാലങ്ങൾക്കു മുമ്പേ കേരളത്തിൽ വ്യവസ്ഥാപിതമായി നടക്കുന്നതിന്റെ നേട്ടങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. അതേസമയം, സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽകി ചിന്തിക്കേണ്ട കാര്യങ്ങളുമുണ്ട് റിപ്പോർട്ടിൽ. ഭക്ഷണ സംസ്കാരത്തിൽ വന്ന മാറ്റം, കുതിച്ചുയരുന്ന ചികിത്സാ ചെലവ് എന്നിവ അതിൽ ചിലത് മാത്രം.
ധാന്യ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം പിന്നിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ കേരളത്തിൽ 6.60 കിലോ ധാന്യങ്ങളാണ് ആളോഹരി ഉപയോഗം. നഗരവാസികളുടേത് 6.2 കിലോയും. ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണിത്. ധാന്യ ഉപയോഗത്തിലെ ദേശീയ ശരാശരിയാകട്ടെ 9.61 കിലോയാണ്. മലയാളികൾ ഉപയോഗിക്കുന്ന ധാന്യത്തിൽ 88.20 ശതമാനം അരിയാണ്. 11.22 ശതമാനം ഗോതമ്പ്. 0.11 നാടൻ ധാന്യങ്ങളും 0.49 ശതമാനം മറ്റ് ധാന്യങ്ങളുമാണ്. ദേശീയ തലത്തിലെ ധാന്യ ഉപയോഗത്തിൽ 55.35 ശതമാനമാണ് അരി. 40.93 ശതമാനം ഗോതമ്പ്, 3.48 ശതമാനം നാടൻ ധാന്യങ്ങൾ, 0.22 ശതമാനം മറ്റ് ധാന്യങ്ങൾ എന്നിങ്ങനെയാണ് നില.
കേരളത്തിന്റെ ചെലവഴിക്കലിൽ ഏറ്റവും കൂടുതൽ മുട്ട, മത്സ്യം, ഇറച്ചി എന്നിവക്കാണ്. ഗ്രാമങ്ങളിൽ ഇതിനായി 545.44 രൂപയാണ് ആളോഹരി ചെലവ് വരുന്നത്. നഗരങ്ങളിൽ 503.39 രൂപയും. ധാന്യങ്ങളേക്കാൾ കേരളം പച്ചക്കറി, പഴം എന്നിവക്ക് കൂടുതൽ തുക ചെലവിടുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ ഉൽപാദനത്തിൽ ഏറെ മുന്നോട്ടുപോകാൻ നടപടികൾ വേണ്ടിവരും. മുട്ട, മത്സ്യം, മാസം എന്നിവക്കായി കൂടുതൽ പണം ചെലവിടുന്ന ഇവിടെ അതിന്റെ സംസ്കരണത്തിനും സംഭരണത്തിനും ഉൽപാദനത്തിനും ഊന്നൽ നൽകേണ്ടി വരും.
ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തിയ കേരളത്തിൽ ചികിത്സക്കായി വൻതുക ചെലവിടുന്നുവെന്ന് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. ഗ്രാമീണരുടെ ഭക്ഷ്യ ഇതര ചെലവുകളുടെ 17.9 ശതമാനവും ചികിത്സക്കാണ്. നഗരങ്ങളിലാകട്ടെ 14.4 ശതമാനവും. ദേശീയ ശരാശരി ഗ്രാമങ്ങളിൽ 13.3, നഗരങ്ങളിൽ 9.7. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും വളരെ ഉയർന്ന തുകയാണ് കേരളത്തിൽ. ഗ്രാമീണർ ആശുപത്രി വാസത്തിന് ചെലവിടുന്നത് 256.33 രൂപ രൂപയാണ്. മരുന്നടക്കമുള്ളവക്കായി 389.22 രൂപയും.
അത് നഗരങ്ങളിലേക്ക് പോകുമ്പോൾ ആശുപത്രി വാസത്തിനായി 241.51 രൂപയും മരുന്ന് അടക്കമുള്ളവക്കായി 410.74 രൂപയും വേണ്ടിവരുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങൾ കേരളത്തിൽ വളരെ മെച്ചമാണ്. എന്നിട്ടും രാജ്യത്ത് ചികിത്സക്കായി കുടുംബ ബജറ്റിൽ കൂടുതൽ നീക്കിവെക്കേണ്ടിവരുന്നത് മലയാളികൾക്കാണ്.
വസ്ത്രങ്ങൾ പോലെയുള്ളവക്ക് മലയാളികളുടെ ചെലവ് മറ്റ് പല സംസ്ഥാനങ്ങളേക്കാൾ കുറവാണ്. വീട്ടുപകരണങ്ങൾക്ക് പക്ഷേ കൂടുതൽ ചെലവിടുന്നു. ഗ്രാമീണ തലത്തിൽ നോക്കിയാൽ കേരളീയ വസ്ത്രം, ചെരിപ്പ് തുടങ്ങിയവക്ക് ആകെ ചെലവിന്റെ 7.6 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. എന്നാൽ, യാത്രക്ക് 18.9 ശതമാനവും നീക്കിവെക്കുന്നു. വീട്ടുപകരണങ്ങൾക്ക് 18.3 ശതമാനമാണ്. വിദ്യാഭ്യാസത്തിന് 4.6 ശതമാനവും ഇന്ധനം, വെളിച്ചം എന്നിവക്ക് 9.9 ശതമാനവും മറ്റ് ഉൽപന്നങ്ങൾ, വിനോദം എന്നിവക്ക് 8.4 ശതമാനവും മറ്റുള്ളവക്ക് 14.4 ശതമാനവും ഗ്രാമീണർ ചെലവിടുന്നു. നഗരവാസികൾ വസ്ത്രം, ചെരിപ്പ് എന്നിവക്ക് 7.2 ശതമാനമാണ് ചെലവിടുന്നത്. യാത്ര 16.6 ശതമാനം, വീട്ടുപകരണങ്ങൾ 18.7, വിദ്യാഭ്യാസം 6.4, ഇന്ധനം 9.4, വിനോദം 8.3, മറ്റുള്ളവ 19.1 ശതമാനം എന്നിങ്ങനെയും.
രാജ്യത്ത് ഭക്ഷണത്തിനുവേണ്ടി വിനിയോഗിക്കുന്ന തുക ചുരുങ്ങുകയാണെന്നാണ് റിപ്പോർട്ടിലെ പൊതുവായുള്ള മറ്റൊരു കണ്ടെത്തൽ. ധാന്യങ്ങൾ, പയർ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറഞ്ഞു. സംസ്കരിച്ച ഭക്ഷണം, പാനീയങ്ങൾ എന്നിവയിൽ വലിയ വർധന വന്നു. ധാന്യ ഉപയോഗം 1999-2000ൽ 22.2 ശതമാനമായിരുന്നു. എന്നാൽ, 2022-2023ലേക്കെത്തുമ്പോൾ ഇത് 4.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി. നഗരത്തിലാകട്ടെ 12.4ൽ നിന്ന് 3.6 ശതമാനത്തിലേക്കും. ഭക്ഷ്യ ഇതര ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിലേക്ക് കൂടുതൽ പണം വിനിയോഗിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. സംസ്കരിച്ച ഭക്ഷണത്തിന് കൂടുതൽ ഊന്നൽ വരുകയും ചെയ്തു.
കേരളത്തിലെ ഗ്രാമങ്ങളിൽ ഒരാൾ ഒരു മാസം ഭക്ഷണത്തിനായി ചെലവിടുന്നത് 2316.41 രൂപയാണ്. ചികിത്സയും യാത്രയും ഭക്ഷണവും വിനോദവും ഇന്ധനവുമടക്കം മറ്റ് ചെലവുകൾക്കായി 3607.21 രൂപയും. രണ്ടും കൂടിച്ചേർന്ന് ഒരാൾക്ക് ഗ്രാമങ്ങളിൽ ജീവിക്കാൻ മാസം വേണ്ടത് 5923.62 രൂപയാണ്. നഗരങ്ങളിൽ ഭക്ഷണത്തിന് ചെലവിടുന്നത് 2549.06 രൂപയാണ്. ഭക്ഷണ ഇതര കാര്യങ്ങൾക്ക് 4529.16 രൂപയും.
പ്രതിമാസ ഗാർഹിക ഉപഭോക്തൃ ചെലവിൽ രാജ്യത്ത് ഗ്രാമങ്ങളും നഗരങ്ങളുമായി വലിയ അന്തരം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടിലെ ഒരു പ്രധാന കണ്ടെത്തൽ. രാജ്യത്ത് ഗ്രാമീണ മേഖലകളിൽ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 3773 രൂപയാണ്. നഗരങ്ങളിൽ അത് 6459 രൂപ വരും. അതേ സമയം കേരളത്തിലെ ഗാർഹിക ഉപഭോക്തൃ ചെലവിൽ ഗ്രാമ-നഗര വിടവ് വളരെ കുറവാണെന്നത് റിപ്പോർട്ട് അടിവരയിടുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാഴാണ് ഇക്കാര്യം കൂടുതൽ പ്രകടമാകുക.
കേരളത്തിലെ പ്രതിമാസ ഗാർഹിക ഉപഭോഗ ചെലവ് ഗ്രാമങ്ങളുടേത് 5924 രൂപയും നഗരങ്ങളുടേത് 7078 രൂപയുമാണ്.19 ശതമാനമാണ് ഇവ തമ്മിലുള്ള വ്യത്യാസം. ഗ്രാമീണ തലത്തിൽ ഉപഭോക്തൃ ചെലവ് രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കേരളത്തിലാണ്. നഗര-ഗ്രാമ വ്യത്യാസം ഏറ്റവും രൂക്ഷം ഛത്തിസ്ഗഢിലാണ്. ഛത്തിസ്ഗഢിൽ ഗ്രാമീണ മേഖലയിൽ 2466 രൂപയും നഗരങ്ങളിൽ 4483 രൂപയുമാണ്. വ്യത്യാസം 82 ശതമാനം. നഗരങ്ങളുടെ കാര്യമെടുത്താൽ തെലങ്കാനയാണ് മുന്നിൽ-8158 രൂപ. ദേശീയ തലത്തിൽ വിടവ് 71 ശതമാനമായിരിക്കെ കേരളത്തിൽ ഇത് വെറും 19 ശതമാനം മാത്രം. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് കേരളം ചില നടപടികൾ സ്വീകരിച്ചതിന്റെ പ്രാധാന്യം കണക്കുകൾ വരച്ചുകാട്ടുന്നു. ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയിൽ കണ്ടെത്തിയ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
ചെലവിന്റെ ദേശീയ ചിത്രം
ഗാർഹിക ഉപഭോക്തൃ ചെലവ് രാജ്യത്തെ ഗ്രാമങ്ങളേക്കാൾ 71 ശതമാനം അധികമാണ് നഗരങ്ങളിൽ. മാത്രമല്ല ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും അവിടത്തെ ഉയർന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരും തമ്മിൽ ചെലവിലെ അന്തരവും വളരെ വലുതാണ്. ഗ്രാമീണമേലഖയിൽ ഏറ്റവും മുകൾ തട്ടിലുള്ള അഞ്ച് ശതമാനത്തിന്റേത് ശരാശരി 10501 രൂപയാണെങ്കിൽ ഏറ്റവും താഴെയുള്ള അഞ്ച് ശതമാനത്തിന്റേത് വെറും 1373 രൂപ മാത്രമാണ്. വ്യത്യാസം പ്രകടം. നഗരങ്ങളിൽ മുകൾ തട്ടിലെ അഞ്ച് ശതമാനത്തിന്റെ ചെലവ് 20824 രൂപയാണെങ്കിൽ താഴെ തട്ടിലുള്ള അഞ്ച് ശതമാനത്തിന്റേത് 2001 രൂപ മാത്രവും. 62.6 ശതമാനത്തോളം ഗ്രാമീണ ജനത 3773 രൂപ എന്ന ശരാശരി ചെലവിനും എത്രയോ താഴെയാണ്. 64.5 ശതമാനം നഗരവാസികളും ശരാശരിയായ 6459 രൂപക്കും ഏറെ താഴെ. കഴിഞ്ഞ പത്ത് വർഷം കൊണ്ട് എല്ലാ മേഖലയിലും വില ഇരട്ടിയായി ഉയർന്നിരുന്നു. അതായത് പ്രതിമാസ ഉപഭോഗ ചെലവ് ഇക്കാലയളവിൽ ഗ്രാമങ്ങളിൽ 164 ശതമാനവും നഗരങ്ങളിൽ 146 ശതമാനവും വർധിച്ചുവെന്നാണ് കണക്കുകൾ. വില വർധനയുടെ പ്രഹരം ഈ സംഖ്യകൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.