കുമളി (ഇടുക്കി): കേരളത്തിലെ എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തമിഴ്നാട്ടിലെത്തി നടത്തിയ പരിശോധനയിൽ 225 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ദിണ്ടുക്കല്ലിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രയിൽനിന്നും വന്ന ലോറിയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലോറിയിൽ പേപ്പർ ലോഡിനിടയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന സേലം ശങ്കരഗിരി സ്വദേശി അരുൺകുമാർ (33), കൃഷ്ണഗിരി അഞ്ചൂർ സ്വദേശി ഷൺമുഖം (58) എന്നിവരെ എക്സൈസ് സ്ക്വാഡ് പിടികൂടി തേനി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടർ ടി. അനിൽകുമാർ, ഉദ്യോഗസ്ഥരായ രാജ്കുമാർ, അനീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് ദിണ്ടുക്കൽ ഡി.എസ്.പി പുകഴേന്തിയുടെ നേതൃത്വത്തിലെ പ്രത്യേക സ്ക്വാഡ് സ്ഥലത്തെത്തി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു.
ആന്ധ്രയിൽനിന്നും തമിഴ്നാട്ടിലെ മധുരയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇവിടെനിന്നുമാണ് കേരളത്തിലേക്ക് കടത്താൻ തേനി, കമ്പം പ്രദേശത്തേക്ക് കഞ്ചാവ് എത്തിക്കുന്നത്.
അടുത്തിടെ തമിഴ്നാട് പോലീസ് തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 207 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതാദ്യമായാണ് കേരള അധികൃതർ തമിഴ്നാട്ടിലെത്തി ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.