കൊടുമൺ: സംസ്ഥാനത്ത് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷനിലെ തോട്ടങ്ങളിൽ പണിയെടുന്ന 3500ൽപരം തൊഴിലാളികൾ ദുരിതത്തിൽ കഴിയുമ്പോൾ കോർപറേഷന്റെ ധൂർത്തിന് കുറവില്ല. റബറിൽനിന്ന് മികച്ച ഉൽപാദനവും നല്ലവിലയും ലഭിച്ചക്കുന്ന സമയമായിട്ടും ഓണത്തിന് നൽകാറുള്ള ബോണസ് ചർച്ചയിൽ തൊഴിലാളി വിരുദ്ധ സമീപനമാണ് കോർപറേഷൻ മാനേജ്മെന്റ് സ്വീകരിച്ചത്.
മിച്ചം വല്ലതും ഉണ്ടെങ്കിൽ നൽകാമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നാണ് യൂനിയൻ നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ 20 ശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ കാലത്ത് 53,000 രൂപവരെ ബോണസും മറ്റ് ആനുകൂല്യവും ലഭിച്ചിരുന്നു. അത് 20,000 രൂപയിൽ താഴെയായി.
ബോണസ് സംബന്ധിച്ച് തീരുമാനിക്കാൻ നടന്ന ആദ്യഘട്ട മാനേജ്മെന്റ്-യൂനിയൻ ചർച്ച പരാജയപ്പെട്ടു. ചെയർമാൻ ഒ.പി. അബ്ദുൽ സലാം നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യൂനിയൻ നേതാക്കൾ പറയുന്നു. ഇപ്പോൾ ഉൽപാദനം കൂടി റബറിന് 240 രൂപ വരെയെത്തി നിൽക്കുകയാണ്. കോർപറേഷനെ ലാഭത്തിലെത്തിക്കുന്ന തൊഴിലാളികളെ അധികൃതർ അവഗണിക്കുകയാണ്.
ഇതിനിടെ പ്ലാന്റേഷൻ കോർപറേഷനിൽ ധൂർത്തിന്റെ കണക്കുകൾ പുറത്തുവന്നു. കാസർകോട് എസ്റ്റേറ്റിലെ മൂളിയാറിൽ സെപ്റ്റംബർ രണ്ടിന് കശുവണ്ടിയിൽനിന്ന് പാനീയം നിർമിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. നേരത്തേ ഒരു ഉദ്ഘാടനം നടന്നതാണ്. പുതിയ ഉപകരണങ്ങൾ സ്ഥാപിക്കലിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്.
ഈ പരിപാടിയിൽ പങ്കെടുക്കാൻ കോർപറേഷന്റെ 13 എസ്റ്റേറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഇതിനകം കാസർകോട്ടെ നിരവധി ലോഡ്ജുകൾ ബുക്ക് ചെയ്തിരിക്കുകയാണ്. താമസം, ഭക്ഷണം തുടങ്ങിയവക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നെന്നാണ് ആരോപണം.
തൊഴിലാളിക്ക് മെച്ചപ്പെട്ട ബോണസുപോലും നൽകാതെ ആഡംബര ഉദ്ഘാടന മാമാങ്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. റബറിന് ഉയർന്ന വില ലഭിക്കുന്ന സാഹചര്യത്തിൽ ആനുപാതിക ബോണസും മറ്റ് ആനുകൂല്യവും നൽകണമെന്നും അല്ലാത്തപക്ഷം കോർപറേഷന്റെ കോട്ടയത്തെ ആസ്ഥാന പടിക്കൽ ഓണത്തിന് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.