തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താൻ ജില്ലതല പരിശോധന നടത്താൻ ഡി.ജി.പി അനിൽ കാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും നിർദേശമുണ്ട്.
തലസ്ഥാനത്ത് ഗുണ്ട-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഡിവൈ.എസ്.പിമാർ, മുൻ ഡിവൈ.എസ്.പി എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യവിവരങ്ങൾ കൈമാറേണ്ട സ്പെഷൽ ബ്രാഞ്ചിലെ ഉന്നതൻ ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തെന്ന ആരോപണം പ്രത്യേകം അന്വേഷിക്കും.
ഇൻറലിജൻസ് മേധാവിയുടെ നിർദേശാനുസരണം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഗുണ്ട-മാഫിയ ബന്ധമുള്ള എസ്.എച്ച്.ഒമാരുടെയും ഡിവൈ.എസ്.പിമാരുടെയും റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഇതു പരിശോധിച്ചശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. കളങ്കിതരായ എസ്.ഐമാരുടെയും പൊലീസുകാരുടെയും റിപ്പോർട്ട് തയാറാക്കാൻ ജില്ല പൊലീസ് മേധാവികളോടും ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാരോടും നിർദേശിച്ചു.
പല ജില്ലകളിലും പൊലീസുകാരും മാഫിയ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധം റിപ്പോർട്ട് ചെയ്യുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തലുണ്ട്. അതിനെതുടർന്നാണ് ജില്ല പൊലീസ് മേധാവിമാരുടെയും സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പിമാരുടെയും യോഗം വൈകാതെ വിളിക്കാൻ തീരുമാനിച്ചത്.
മൂന്ന് സി.ഐ.മാരെ ഉടൻ പിരിച്ചുവിട്ടേക്കും
തിരുവനന്തപുരം: പിരിച്ചുവിടാനുള്ള ക്രിമിനല്‍ പൊലീസുകാരുടെ അടുത്ത പട്ടികയിൽ മൂന്നു സി.ഐ.മാർ അടക്കം നാലുപേര്‍. പീഡനക്കേസുകളില്‍ പ്രതികളായ സി.ഐമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയാറാക്കിയത്. ഇവര്‍ക്ക് ഉടൻ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് സസ്പെന്‍ഷനിലുള്ള അയിരൂര്‍ മുൻ എസ്.എച്ച്.ഒ ജയസനില്‍, രണ്ടു പീഡനക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ എ.വി. സൈജു ഉള്‍പ്പെടെ മൂന്ന് സി.ഐമാരും മാങ്ങ മോഷണത്തിന് സസ്പെന്‍ഷനിലായ സിവില്‍ പൊലീസ് ഓഫിസറും ഈ പട്ടികയിലുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന് വിഭാഗം ഇവര്‍ക്കെതിരായ കേസുകളുടെയും വകുപ്പുതല നടപടികളുടെയും വിവരം ശേഖരിക്കുകയാണ്. കേരള പൊലീസ് ചട്ടത്തിലെ 86ാം വകുപ്പുപ്രകാരം തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നവർ സേനയില്‍ തുടരാന്‍ അര്‍ഹരല്ല. അതിന്റെ അടിസ്ഥാനത്തിലാണ് പി.ആർ. സുനുവിനെ പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.