തൃക്കരിപ്പൂർ: കഴിഞ്ഞ വർഷം കുടിലിനകത്ത് മഴ പെയ്യാതിരിക്കാൻ പുതപ്പിച്ച പ്ലാസ്റ്റിക് ഷീറ്റിലെ തുളകളിലൂടെ ദ്രവിച്ച കഴുക്കോലുകൾ മാനം നോക്കുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത അടുക്കള. മേൽക്കൂര ഏതുനിമിഷവും പതിക്കാവുന്ന കുടുസ്സുമുറി. ഇവിടെയാണ് കാരോളം രാമവില്യം ഗേറ്റ് പരിസരത്തെ വിജയവല്ലിയും ഏക മകളും ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഈ മഴക്കാലത്ത് നമ്മളെന്ത് ചെയ്യും അമ്മേ എന്ന മകളുടെ ചോദ്യം അവളെ ചേർത്തുനിർത്തി വല്ലി പ്രതിരോധിക്കും. അമ്മക്കൊറ്റക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ഒമ്പതാം ക്ലാസുകാരിയായ അവൾക്കറിയാം. പയ്യന്നൂരിലെ ഷോപ്പിങ് മാളിൽ ജോലിക്ക് പോകുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. ലോക്ഡൗണിൽ പെട്ടതോടെ ആ വരുമാനവും ഇല്ലാതായി.
ഇൗ കുടുംബം ലൈഫ് പദ്ധതിയിലും പെട്ടിട്ടില്ല. പത്തുവർഷം മുമ്പ് ജീവിതപങ്കാളി ഉപേക്ഷിച്ചുപോയി. ഭവന പദ്ധതിക്കായി പ്രതീക്ഷയോടെയാണ് അധികൃതരെ സമീപിച്ചത്. പട്ടിക വന്നപ്പോൾ ഈ അമ്മയും മകളും ഇല്ല. തുടർവർഷങ്ങളിലെ പട്ടികകളിലും വല്ലിക്ക് ഇടം കിട്ടിയില്ല. റേഷൻ കാർഡ് ഇല്ലെന്ന് പറഞ്ഞപ്പോൾ അത് സംഘടിപ്പിച്ചു. പിന്നെ സ്വന്തമായി ഭൂമി വേണമെന്നായി. അമ്മയുടെ മണ്ണിൽനിന്ന് അഞ്ച് സെൻറ് ഭൂമിയും വിഹിതമായി കിട്ടി. എന്നിട്ടും പട്ടികയിൽപെട്ടില്ല.
ഗ്രാമസഭകളിലേക്കുള്ള യാത്രകൾ അവർ തുടരുകയാണ്. വല്യമ്മയുടെ പേരിലുള്ള ചായ്പ്പിലാണ് ഇപ്പോൾ കഴിയുന്നത്. തകർന്നുവീഴാറായ തറവാട്ടിൽ പ്രായമായ അമ്മയും ഭിന്നശേഷിക്കാരനായ അനിയനും കഴിയുന്നു. അഞ്ചു സഹോദരങ്ങളിൽ മൂന്നുപേർ സ്്രതീകളാണ്. എല്ലാവരും അവരുടെ പ്രാരബ്ധങ്ങളിൽ ഓരോ ഇടങ്ങളിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.