കോട്ടയം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികൾക്ക് ജൂണിൽ തുടക്കമാകും. പൂർണമായും ഒാൺലൈനിലൂടെ നടപ്പാക്കുന്ന ചിട്ടിക്കായി മൊബൈൽ ആപ്പിനും രൂപം നൽകിയിട്ടുണ്ട്. ചിട്ടിയുടെയും ആപ്പിെൻറയും ഉദ്ഘാടനം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നേരേത്ത ഡിസംബറിൽ ചിട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സോഫ്റ്റ്വെയര് തയാറാകാത്തതിനാൽ നീളുകയായിരുന്നു. റമദാനുശേഷം യു.എ.ഇയിലും ചിട്ടിയുടെ ഉദ്ഘാടനം നടത്തുമെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു.
സൗജന്യ ഇൻഷുറൻസ് പരിരക്ഷ പ്രധാന ആകർഷണമായ ചിട്ടിയിൽ ഉദ്ഘാടനശേഷം താൽപര്യമുള്ളവർക്ക് ചേരാം. കാലാവധിയുള്ള വിസയും പാസ്പോർട്ടും ഉള്ളവർക്ക് കെ.എസ്.എഫ്.ഇ വെബ്സൈറ്റിലൂടെയോ മൊൈബൽ ആപ്പിലൂടെയോ ഒാൺൈലനായി ചിട്ടിയിൽ ചേരാം. ഒാൺലൈനായി ത്തന്നെ വരിസംഖ്യ അടക്കാനും ചിട്ടി ലേലം വിളിച്ചെടുക്കാനും കഴിയും. കെ.എസ്.എഫ്.ഇക്ക് നിലവിൽ വിദേശത്ത് ശാഖകളില്ലാത്തതിനാൽ വെർച്വൽ ബ്രാഞ്ചായാകും ചിട്ടികൾ ആരംഭിക്കുക. ആദ്യഘട്ടമായി യു.എ.ഇയിൽ ഉള്ളവർക്കായാണ് ചിട്ടി ആരംഭിക്കുന്നത്. പിന്നീട് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. നേരേത്ത യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും ചിട്ടി വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സ്വീകാര്യത ലഭിക്കില്ലെന്നുകണ്ടതോടെ തൽക്കാലം മരവിപ്പിക്കാനാണ് തീരുമാനം.
ആദ്യമായി 24, 30 മാസതവണ ചിട്ടികൾക്കാണ് തുടക്കമിടുന്നത്. 2,500 രൂപ മുതലാകും തവണകൾ. 10 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന ചിട്ടിത്തുക. സംശയങ്ങൾക്ക് മറുപടി നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററും സജ്ജമായിട്ടുണ്ട്.ഓരോ ചിട്ടിയുടെയും ലേലസമയം നേരേത്ത അറിയിക്കും. അതനുസരിച്ച് ലോകത്തിെൻറ ഏതു കോണിൽനിന്നും ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം, ചിട്ടി വിളിച്ചെടുക്കാം. ചിട്ടി പിടിച്ചാൽ പണം ഓൺലൈനായി സ്വീകരിക്കാനും സംവിധാനമുണ്ട്. ഈടായി നാട്ടിലെ ഭൂമിയോ സ്വർണമോ സ്വീകരിക്കും. പ്രവാസി ചിട്ടിയാണെങ്കിലും നാട്ടിൽതന്നെയാണ് റജിസ്റ്റർ ചെയ്യുന്നത്. അതിനാൽ ഈടുമായി ബന്ധപ്പെട്ട നടപടി നാട്ടിൽ നടത്തണം. എന്നാൽ, വിദേശത്തുനിന്ന് നാട്ടിലേക്കുവരാതെ ഇതുചെയ്യാൻ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണ്.
ചിട്ടിക്ക് എൽ.െഎ.സിയുമായി േചർന്ന് ഇൻഷുറൻസ് സംരക്ഷണം കെ.എസ്.എഫ്.ഇ തന്നെ ഒരുക്കും. അംഗം മരിച്ചാൽ, അല്ലെങ്കിൽ മാരകരോഗം വന്നാൽ ബാക്കി ചിട്ടിത്തുക ഇൻഷുറൻസ് കമ്പനി അടക്കും. ഇതിനൊപ്പം പേഴ്സനൽ ഇൻഷുറൻസ് കവറേജും ഏർപ്പെടുത്തിയിട്ടുണ്ട്. ഗൾഫിൽ അപകടങ്ങളിൽ പെട്ടാൽ നിശ്ചിത തുക ലഭിക്കും. മരണപ്പെട്ടാൽ കെ.എസ്.എഫ്.ഇയുടെ ചെലവിൽ നാട്ടിലെത്തിക്കും. ചിട്ടിപ്പണം പെൻഷൻ പദ്ധതിയുമായി ബന്ധിപ്പിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുകയാണ്. റോഡുകളുേടതടക്കം വികസനത്തിനായി കിഫ്ബിയിലേക്ക് പണം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പ്രവാസി ചിട്ടി ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ആദ്യവർഷം ഒരു ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ട് ഗൾഫിൽ വ്യാപക പ്രചാരണം നടത്തും. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയും ചിട്ടിയിലേക്ക് വരിക്കാരെ ചേർക്കാൻ തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.