ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം നെയ്യാറ്റിൻകര സെന്‍റ് തെരേസാസ് കോൺവെന്‍റ് ജി.എച്ച്.എസ്.എസിലെ നന്ദന

പനിയിലും തളർന്നിട്ടില്ല, പിന്നല്ലേ പാട്ടുമാറിയാൽ...

കൊല്ലം: കടുത്ത പനിയും ചുമയുമായാണ്​ തിരുവനന്തപുരം നെയ്യാറ്റിൻകര സെന്‍റ്​ തെരേസാസ്​ കോൺവെന്‍റ്​ സ്കൂളിലെ വിദ്യാർഥിനി നന്ദന നാടോടിനൃത്ത മത്സരത്തിനെത്തിയത്​. വേദിയിൽ ചെസ്റ്റ്​ നമ്പർ വിളിച്ചപ്പോൾ ആളില്ല. പനി കൂടി തളർന്നുവീണിരുന്നു. ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട ശേഷമാണ്​ മടങ്ങിവന്നത്​. വിവരമറിയിച്ചിരുന്നതിനാൽ സംഘാടകർ വീണ്ടും അവസരം നൽകി.

പ്രോപ്പർട്ടിയായ കുലച്ച വാഴയുമായി സ്​റ്റേജിൽ കയറി നൃത്തം തുടങ്ങിയപ്പോ ദേ വരുന്നു വേറെ ഏതോ പാട്ട്​. അന്തംവിട്ടുനിന്ന നന്ദന പാട്ടുമാറി എന്നറിയിച്ചതോടെ പെട്ടെന്ന്​ കർട്ടൻ താഴ്ത്തി. തുടർന്ന്​ ശരിയായ പാട്ടിട്ട്​ നൃത്തമാടിതീർത്തു.

വാഴയിലയിൽ ഉണ്ണാൻ ആഗ്രഹിച്ച്​ മകൻ ഇല മുറിക്കുന്നതും ഇതിനിടെ പാമ്പുകടിയേറ്റ്​ മരിക്കുന്നതും മൃതദേഹം ആ ഇലയിൽ കിടത്തുന്നതുമെല്ലാമായിരുന്നു നൃത്തത്തിന്‍റെ ഇതിവൃത്തം. ഒമ്പതാം ക്ലാസ്​ വിദ്യാർഥിയായ നന്ദന ആദ്യമായാണ്​ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്​.

നെയ്യാറ്റിൻകര സ്​റ്റേഷനിലെ എ.എസ്​.ഐ ആയിരുന്ന ബിനുകുമാർ ആണ്​ പിതാവ്​. രണ്ടു വർഷം മുമ്പാണ്​ ഇദ്ദേഹം ഹൃദയാഘാതം വന്നുമരിച്ചത്​. സഹകരണബാങ്ക്​ ജീവനക്കാരിയായ ജിജിയാണ്​ മാതാവ്​.


Tags:    
News Summary - Kerala School Kalolsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.