തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഉത്തരവുകൾ അനാദരിച്ച വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടറെ വിളിച്ചുവരുത്തി കോടതിയുടെ രൂക്ഷ വിമർശനം. തൃശൂർ മൂന്നാം അഡീഷനൽ മുൻസിഫ് കെ.കെ. അപർണയാണ് ബുധനാഴ്ച ഹാജരായ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടറും ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിന്റെ ജനറൽ കൺവീനറുമായ സി.എ. സന്തോഷിനെ വിമർശിച്ചത്. തൃശൂർ റവന്യൂ ജില്ലയിൽനിന്ന് ഹയർ സെക്കൻഡറി വൃന്ദവാദ്യം ഇനത്തിൽ മത്സരിച്ച ചാലക്കുടി കാർമൽ സ്കൂൾ വിദ്യാർഥികളായ അതുൽ എം. മാർട്ടിനും സംഘവും നൽകിയ അനാദരവ് ഹരജിയിലാണ് നടപടി. കോടതി ഉത്തരവ് വഴി സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച ഇവരുടെ ഫലം തടഞ്ഞുവെക്കുകയും, കോടതി ഇടപെടലിനെ തുടർന്ന് ആരുമറിയാതെ രാത്രി ഫലപ്രഖ്യാപനം നടത്തിയതിലെ അപാകതയും ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.
ഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ആദ്യം നൽകിയ ഹരജിയിൽ ഫെബ്രുവരി അഞ്ചിന് ഫലം പ്രഖ്യാപിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് അവഗണിച്ചു. ഉത്തരവ് ലംഘനത്തിന് വിദ്യാർഥികൾ വീണ്ടും ഹരജി നൽകി. മാർച്ച് 30ന് കോടതി കേസ് പരിഗണിക്കാനിരിക്കെ തലേദിവസമായ ദുഃഖവെള്ളി അവധിയിൽ അർധരാത്രി 11.57ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫലപ്രഖ്യാപനത്തിൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം നൽകണമെന്നാണ് കലോത്സവ ചട്ടം.
രാത്രി ആരെയും അറിയിക്കാതെ നടത്തിയ ഫലപ്രഖ്യാപനം മത്സരാർഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഗുരുതര വീഴ്ച വരുത്തിയിട്ടും മതിയായ സത്യവാങ്മൂലം പോലും നൽകാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് 11ന് വീണ്ടും പരിഗണിക്കും. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. പി.കെ. സുരേഷ്ബാബു, അഡ്വ. ജിബി നൗറിൻ, അഡ്വ. വിനയ വി.എസ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.