തിരവനന്തപുരം: സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തി കോഴിക്കോട് നിന്ന് സംസ്ഥാന തലത്തിലേക്ക് C/o പൊട്ടക്കുളം എന്ന നാടകവുമായി എത്തിയിരിക്കുകയാണ് ശിവദാസ് മാഷും കുട്ടികളും.2008 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിരന്തരമായി നാടകത്തിൽ സമ്മാനം നേടുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് നാടക പ്രവർത്തകനായ ശിവദാസ് പൊയിൽക്കാവ്. 2008 ൽ “ഊശാന്താടി രാജാവ്” 2010ൽ “ആത്തോ പൊറത്തോ” 2011ൽ “പച്ച പ്ലാവില”, 2012ൽ കാന്താരിപ്പൊന്ന്, 2014ൽ കാക്ക, 2015ൽ കറിവേപ്പില, 2018ൽ എലിപ്പെട്ടി 2024ൽ ഓസ്കാർ പുരുഷു തുടങ്ങിയവയാണ് സ്കൂളിലെ തിയറ്റർ ക്ലബ്ബായ കളർ ബോക്സിനുവേണ്ടി ശിവദാസ് ഒരുക്കിയ നാടകങ്ങൾ. 2019 ൽ ഒഴികെ പുതിയ നാടകങ്ങളുമായി എത്തിയ എല്ലാ വർഷവും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനത്ത് മത്സരിക്കുന്നു.
2008ൽ ആദ്യമായി ശിവദാസിന്‍റെ നാടകം സംസ്ഥാന തലത്തിൽ സമ്മാനം വാങ്ങുമ്പോൾ അദ്ദേഹത്തിന്‍റെ മകൾ ദല ജനിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ശിവദാസ് പൊയിൽക്കാവിന്‍റെ നാടക യാത്രയിൽ ദലയും ഒപ്പമുണ്ട്. ജില്ലയിലെ മികച്ച നടിയായാണ് ദല സംസ്ഥാന തലത്തിലേക്ക് എത്തുന്നത്. C/o പൊട്ടക്കുളത്തിൽ അന്ധവിശ്വാസികളായ ഒരുപറ്റം മനുഷ്യന്മാർക്കിടയിൽ വന്നുപെടുന്ന തവളയുടെ വേഷമാണ് ദല അവതരിപ്പിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നാടകമായ ഓസ്കാർ പുരുഷുവിലെ പുരുഷു പൂച്ചയെ അവതരിപ്പിച്ച ദല സംസ്ഥാനത്ത് മികച്ച നടിയായിരുന്നു. ഒന്നര വയസ്സു മുതൽ അച്ഛൻറെ നാടക ക്യാമ്പുകളിലൂടെ വളർന്ന ദല പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
2008 മുതൽ ഇന്നുവരെ സ്കൂൾ തിയറ്ററിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ശിവദാസിന് പറയാനേറെയുണ്ട്. പുതിയകാലത്ത് പുതിയ രീതയിൽ കഥ പറയേണ്ടതുണ്ട്. എന്നാൽ മാത്രമേ കുട്ടികളെ ആകർഷിക്കാൻ കഴിയുള്ളു. പുതിയ കാലത്തിന്‍റെ ഇഷ്ടത്തിൽ മാറ്റുണ്ട് അതറിഞ്ഞ് വേണം കുട്ടികളെ സമീപിക്കാൻ. വിഷ്വൽ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള വിഷ്വലുകൾ വേണം, അല്ലെങ്കിൽ നാടകം നിന്നു പോകും. പഴയതേ പറയു എന്ന വാശി പിടിക്കുന്നത് ശരിയല്ല എന്നും ശിവദാസ് പറയുന്നു. പുതിയ കാലമാണ് പുതിയ വിഷയമാണ് അത് പുതിയ രീതിയിൽ തന്നെ പറയണം.
മമ്മൂട്ടി നായകനായ പുഴു എന്ന സിനിമയിൽ തക്ഷകൻ എന്ന നാടകം എഴുതി സംവിധാനം ചെയ്തതും സിനിമയുടെ ടൈറ്റിൽ ഗാനം എഴുതിയതും ശിവദാസാണ്. നാടക ചലച്ചിത്ര നടൻ അപ്പുണ്ണി ശശിയുടെ ഒറ്റയാൾ നാടകമാണ് സിനിമയിൽ തക്ഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.