കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിെൻറ ചെയർമാൻ ഒഴികെയുള്ള, അടുത്ത അഞ്ചുവർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് പൂർത്തിയായി. എം.എൽ.എമാരിൽനിന്നുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ പി. ഉബൈദുല്ല, ഇടതുപക്ഷത്തെ പി.ടി.എ. റഹീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുപേരാണ് ഈ വിഭാഗത്തിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്.
തുല്യവോട്ട് നേടിയ പി.ടി.എ. റഹീം, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരിൽനിന്ന് നറുക്കെടുപ്പിലൂടെ പി.ടി.എ. റഹീം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വി.കെ. ഇബ്രാഹിംകുഞ്ഞും പി.വി. അൻവറുമായിരുന്നു എം.എൽ.എമാരിൽനിന്നുള്ള കഴിഞ്ഞ ഭരണസമിതി അംഗങ്ങൾ. തുടർന്ന് നടന്ന മുതവല്ലി പ്രതിനിധികളെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഭരണസമിതി അംഗങ്ങൾതന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മാഹീൻ ഹാജി, ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് പി.വി. സൈനുദ്ദീൻ എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ആകെ പോള്‍ ചെയ്ത 4077 വോട്ടില്‍ 1485 വോട്ട് എം.സി. മായിന്‍ ഹാജിക്കും 1461 വോട്ട് പി.വി. സൈനുദ്ദീനും ലഭിച്ചു. ഈ വിഭാഗത്തിൽ മത്സരരംഗത്തുണ്ടായിരുന്ന പ്രഫ. അബ്ദുല്‍റഹീമിന് 1018 വോട്ട് ലഭിച്ചു. എം. സുലൈമാൻ ഇന്ത്യന്നൂരിന് ഒരുവോട്ടും ലഭിച്ചില്ല.
തിരുവനന്തപുരം സെക്രേട്ടറിയറ്റ് അനക്സിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ശനിയാഴ്ച പുലർച്ചയാണ് പൂർത്തിയായത്. വഖഫ് ബോർഡ് ഭരണസമിതിയിലേക്ക് ഒരു പാർലമെൻറ് അംഗത്തെയും ബാർ കൗൺസിൽ അംഗത്തെയും നേരത്തേ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. അബ്ദുൽ വഹാബ് എം.പിയും അഡ്വ. എം. ഷറഫുദ്ദീനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.