തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായുള്ള വയബിലിറ്റി ഗാപ് ഫണ്ട് കരാർ കേന്ദ്രവുമായി ഒപ്പുവെച്ചെങ്കിലും തുക തിരിച്ചടക്കുന്നത് ഒഴിവാക്കാൻ സംസ്ഥാനം സമ്മർദം തുടരും. കേന്ദ്ര വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെ കരാർ ഒപ്പുവെച്ചിരുന്നു. തുക തിരിച്ചടക്കുന്നതിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിരുന്നില്ല. പദ്ധതി സുഗമമായി മുന്നോട്ടുപോകാൻ കേന്ദ്ര വ്യവസ്ഥകൾ പാലിക്കാതെ നിർവാഹമില്ലാത്തതിനാൽ സംസ്ഥാനം സമ്മതിക്കുകയായിരുന്നു.
മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം കമീഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനും ശ്രമമുണ്ട്. വി.ജി.എഫ് വിഷയത്തിൽ കേന്ദ്രത്തിന് കത്തയക്കുന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. കമീഷനിങ് വേളയിൽ തുറമുഖത്തിനും സംസ്ഥാനത്തിനും ഗുണകരമായ പ്രഖ്യാപനങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്.
തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. ചരക്കുനീക്കത്തിന് റെയില്‍പാതക്കായി 1482.92 കോടിയും ചെലവിടേണ്ടതുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്രം നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് തുറമുഖ പദ്ധതി വിഭാവനം ചെയ്തതെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക (പി.പിപി) പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പിന്തുണ സംവിധാനമെന്ന നിലയിൽ വി.ജി.എഫ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നതാണ്. എന്നാൽ, ഇത് തിരിച്ചടക്കണമെന്ന കേന്ദ്ര നിലപാട് അപ്രതീക്ഷിതമായിരുന്നുവെന്നാണ് സർക്കാർ വാദം.
പ്രതീക്ഷ കൈവിടുന്നില്ല -മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനുള്ള വി.ജി.എഫ് തുക തിരിച്ചടക്കണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷ കൈവിടുന്നില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പദ്ധതി വൈകുമെന്നതിനാലാണ് കേന്ദ്രം മുന്നോട്ടുവെച്ച വ്യവസ്ഥ പ്രകാരം കരാർ ഒപ്പിട്ടത്. തുറമുഖ ഉദ്ഘാടന ചടങ്ങ് വിജയകരമായി നടത്തുന്നതിന് 21ന് സ്വാഗതസംഘം രൂപവത്കരിച്ച് ക്രമീകരണങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.