കണ്ണനല്ലൂർ: രാജ്യത്തെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ഉത്തരകാശിയിലെ സിൽക്യാര ഡെന്റൽ ഗ്യാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ഇന്ത്യൻ വ്യോമസേനയുടെ ഓപറേഷൻ മൂസാക്കിൽ പങ്കാളിയായ കൊല്ലം കണ്ണനല്ലൂർ പാലമുക്ക് സ്വദേശി ഫ്ലൈയിങ് ഓഫിസർ എസ്.വി. വൈശാൽ ഗണേശ് (26) കേരളത്തിന് അഭിമാനമായി.
ഗുജറാത്ത് വഡോദര എയർഫോഴ്സ് സ്റ്റേഷനിൽനിന്നുള്ള ഹിമാലയൻ ഈഗിൽസിൽ (25 സ്ക്വാഡ്രൺ) വിങ് കമാൻഡർ എ.കെ. യാദവിന്റെ നേതൃത്വത്തിൽ 15 അംഗസംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെത്തിയത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് ഗൗരവ്, ഫ്ലൈയിങ് ഓഫിസർ പർവേഷ് കുമാർ, സർജന്റ് അഷുതോഷ് എന്നിവരാണ് സംഘത്തിലെ മറ്റ് പ്രമുഖർ. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് മുംബൈ കല്യാണിൽ പ്രത്യേകം നിർമിച്ച കൂറ്റൻ ഡ്രില്ലിങ് മെഷീനും അനുബന്ധ ഉപകരണങ്ങളുമായി വ്യോമസേനയുടെ പ്രത്യേക സംഘം എ.എൻ. 32 വിമാനത്തിൽ ഡറാഡൂൺ വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയോടെ എത്തിയത്.
അവിടെനിന്ന് 1000 കിലോയിലേറെ ഭാരമുള്ള ഡ്രില്ലിങ് മെഷീനും 800 കിലോയിലേറെ തൂക്കമുള്ള മെറ്റാലിക് റോപ്പും അനുബന്ധ ഉപകരണങ്ങളും പ്രത്യേക ട്രെയിലറിൽ ഉത്തരാഖണ്ഡിലെ അപകടസ്ഥലത്ത് എത്തിക്കുകയായിരുന്നു. ഈ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചുനടത്തിയ രക്ഷപ്രവർത്തനമാണ് ഒടുവിൽ വിജയപഥത്തിലെത്തിയത്. കൊല്ലം കണ്ണനല്ലൂർ പാലമുക്ക് വൈശാലത്തിൽ മാധ്യമപ്രവർത്തകനായ മയ്യനാട് ഡി.വി. ഷിബുവിന്റെയും കെ.എസ്.ഇ.ബി.യിൽനിന്ന് എക്സിക്യൂട്ടിവ് എൻജിനീയറായി വിരമിച്ച എസ്.വി. സുധർമണിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.