കണ്ണൂർ: ചൂടിനെയും തണുപ്പിനെയും ഒരുപോലെ പ്രതിരോധിക്കാൻ കൂൾ പാന്റുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. നൂറുശതമാനം കോട്ടൻ ഉപയോഗിച്ച് കൈകൊണ്ട് നെയ്തെടുത്ത പരിസ്ഥിതി സൗഹാർദ വസ്ത്രം പയ്യന്നൂർ ഖാദി കേന്ദ്രമാണ് പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ചൂടിനെയും തണുപ്പിനെയും ഒരുപോലെ പ്രതിരോധിക്കാൻ കഴിയുന്നതാണ് ഖാദി കൂൾ പാന്റുകൾ. യുവതലമുറയെ കൂടി ആകർഷിക്കാനായി വ്യത്യസ്തമായ എട്ട് നിറങ്ങളിൽ ലഭ്യമാണ്. 1,100 രൂപയാണ് വില. പാന്റുൾപ്പെടെയുള്ള എല്ലാ ഖാദി ഉൽപന്നങ്ങൾക്കും ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ 30 ശതമാനം റിബേറ്റ് ലഭിക്കും.
പാന്റിന്റെ ജില്ല തല ലോഞ്ചിങ് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. പാന്റ് ലോഞ്ച് ചെയ്തതിന്റെ ഭാഗമായി നടത്തുന്ന സർവോദയപക്ഷം ഖാദി റിബേറ്റ് മേളയുടെ ഉദ്ഘാടനവും ഓട്ടോ തൊഴിലാളികൾക്കുള്ള യൂനിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു.
ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. അസി. കലക്ടർ അനൂപ് ഗാർഖ് ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. 2023 ഓണം മേളയോടനുബന്ധിച്ച് നടത്തിയ മെഗാ നറുക്കെടുപ്പിൽ ജില്ല തലത്തിൽ വിജയിച്ചയാൾക്കുള്ള ഗോൾഡ് കോയിനും ഖാദിയുടെ പ്രചാരണാർഥം നടത്തിയ മത്സരത്തിൽ വിജയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകി.
കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് പ്രോജക്ട് ഓഫിസർ കെ. ജിഷ, കെ.പി. സുരേന്ദ്രൻ, എൻ. സുരേന്ദ്രൻ, എൻ.കെ. രത്നേഷ്, എൻ.ടി. ഫലീൽ, എം. നാരായണൻ, പി. മുകേഷ്, എ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.