നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങളിൽ കിഫ്ബി വലിയ പങ്കുവഹിച്ചതായും, വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുതൽക്കൂട്ടായിരുന്നുവെന്നും സംസ്ഥാന വിദ്യുഛക്തി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകിയിരുന്നു. പത്ത് കൊല്ലത്തിന്‍റെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ നമുക്ക് ചെയ്യാൻ സാധിച്ചത്.
കിഫ്ബി ഇല്ലെങ്കിൽ ഇത്രയും വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് സാധിക്കില്ല. ചിറ്റൂരിലെ ആർ.ബി.സി കനാൽ 860 കോടി രൂപയുടെ പദ്ധതിയാണ്. അതിൻറെ നിർമാണം ഏകദേശം പൂർത്തിയായി. നാല് പഞ്ചായത്തുകളിൽ കിഫ്ബിയിലൂടെ കുടിവെള്ളം എത്തിച്ചു. 82.972 കോടി രൂപ സ്‌കൂളുകളിലേക്ക് കൊടുത്തു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ 70 കോടി കൊടുത്തു. ഇനി 30 കോടിയും കൂടി നൽകുന്നുണ്ട്. അതിൽ കുട്ടികളുടെ ആശുപത്രിയൊക്കെ ഉൾപ്പെടുന്നുണ്ട്. വൈദ്യുതി വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
14 സബ്സ്റ്റേഷനുകൾക്കായി 718.79 കോടി രൂപ അനുവദിച്ചു. ഇതിൽ 12 സബ്സ്റ്റേഷൻ പൂർത്തീകരിച്ചു, രണ്ടെണ്ണം വരുന്ന മാസങ്ങളിൽ പൂർത്തീകരിക്കും. 9 എക്സ്ട്രാ ഹൈ ടെൻഷൻ ലൈനുകൾക്കായി 1157. 72 കോടി രൂപ അനുവദിച്ചു.
ഇതിൽ മൂന്നെണ്ണത്തിൻ്റെ ജോലികൾ പുരോഗമിക്കുന്നു. ബാക്കി ഉള്ളവ പൂർത്തീകരിക്കും. അടുത്ത മൂന്നുമാസം കൊണ്ട് കാക്കനാട്, പത്തനംതിട്ട 220 കെവി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ പൂർത്തീകരിക്കുന്നതോടെ 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി നഷ്ടം പരിഹരിക്കാനാകും. ഇതിലൂടെ 250 കോടി രൂപയുടെ ലാഭം പ്രതി വർഷം ഉണ്ടാകുന്നു. കിഫ്ബിയുടെ കരുത്തിൽ വൈദ്യുതി പ്രതിസന്ധിയെ പുറത്തുനിർത്താനും പവർകട്ട് ഇല്ലാതെ വൈദ്യുതി എത്തിക്കാനും കേരളത്തിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.