മാനന്തവാടിക്ക് ഇനി പുതിയമുഖം! കിഫ്ബിയിലുടെ അടിമുടി വികസനം

മാനന്തവാടിക്ക് ഇനി പുതിയമുഖം! കിഫ്ബിയിലുടെ അടിമുടി വികസനം

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

ചരിത്രമുറങ്ങുന്ന മാനന്തവാടിയിൽ അതിൻറെ തനിമ ഒട്ടും നഷ്ടപ്പെടാതെ വികസന പാതയിലേക്ക് നയിച്ചത് കിഫ്ബി വഴിയാണ്. ഒരു കാലത്ത് തകർന്ന റോഡുകളും സൗകര്യമില്ലാത്ത ആശുപത്രികളുമൊക്കെയായി ശോച്യാവസ്ഥയിലായിരുന്ന മാനന്തവാടിയെ നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വികസനത്തിലെത്തിക്കാൻ സാധിച്ചു.

മാനന്തവാടിയിൽ ഏറ്റവുമധികം പ്രതിസന്ധികളെ നേരിട്ടിരുന്നത് ജില്ലാ ആശുപത്രിയായിരുന്നു. മതിയായ ഡോക്ടർമാരില്ലാതെയും ചികിത്സാക്കുറവുകൾ മൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലായിരുന്നു ഈ ആശുപത്രി മുന്നോട്ട് പോയിരുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ മാറ്റിയത്. 46 കോടിയാണ് ഇതിന് കിഫ്ബി അനുവദിച്ചത്.

പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു മാനന്തവാടിയെ വേട്ടിയാടിയിരുന്ന മറ്റൊരു പ്രശ്നം. ഇതോടൊപ്പം തന്നെ കേരളത്തെ തകർത്ത രണ്ട് പ്രളയം കൂടി ഉണ്ടായതോടെ റോഡുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കിഫ്ബി ധനസഹായത്തോടെയാണ് ഇതിനൊരു ശാശ്വത പരിഹാരമുണ്ടായത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മലയോര ഹൈവേയുടെ നിർമ്മാണം. 122 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി അനുവദിച്ചത്. മാനന്തവാടി-പക്രന്തളം റോഡിൻറെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവുമധികം തകർന്ന റോഡായിരുന്നു ഇത്. 17 കോടി രൂപ മുതൽമുടക്കി കിഫ്ബി ഈ റോഡ് 6 കിലോമീറ്ററോളം ദൂരം ഉന്നത നിലവാരത്തിൽ നിർമിച്ചു.

Full View

മാനന്തവാടി-കൈതക്കൽ റോഡിൻറെ നിർമ്മാണവും കിഫ്ബി വഴിയാണ് പൂർത്തിയായത്. മാനന്തവാടിയെ തെക്കെ വയനാടുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൻറെ നിർമ്മാണത്തിനായി 46 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്.

മാനന്തവാടിയിലെ ആളുകളെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നമായിരുന്നു കുടിവെള്ള ലഭ്യതക്കും കിഫ്ബി വഴി കാണുന്നുണ്ട്. ചൂട്ടക്കടവ് കുടിവെള്ള പദ്ധതിക്ക് 18 കോടി രൂപയുടെ ധനസഹായം കിഫ്‌ബി നൽകി. മണ്ഡലത്തിലെ മാനന്തവാടി ഇടവക, നല്ലൂർ നാട് എന്നീ വില്ലേജുകളിൽ ശുദ്ധജലം എത്തിക്കുന്നതാണ് പ്രസ്തുത പദ്ധതി. പഴയ പൈപ്പ് ലൈനുകൾ മാറ്റി 77 കിലോമീറ്ററാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. ഇതോടെ കുടിവെള്ളം കിട്ടാക്കനിയായിരുന്ന വിദൂര പ്രദേശങ്ങളിലേക്ക് പോലും വെള്ളമെത്തിക്കാൻ കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും കിഫ്ബി വഴിയൊരുക്കി. ഇതിൽ എടുത്ത് പറയേണ്ടത് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ്. ഈ സ്കൂളിനെ അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലായത്. കുട്ടികളുടെ എണ്ണം കൂടിയതോടെ അതിനനുസരിച്ചുള്ള മറ്റ് സൌകര്യങ്ങളുടെ അഭാവം ഈ സ്കൂളിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമെന്നോളം എല്ലാ വിഭാഗങ്ങളിലുമായി 20 ക്ലാസ് റൂമുകളും, ഏകദേശം 400ഓളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിംഗ് റൂം ഉൾപ്പെടെയുള്ള ഒരു കിച്ചൺ ബ്ലോക്കും അടക്കമുള്ള സൌകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടമാണ് കിഫ്ബിയുടെ സഹായത്തോടെ ഇവിടെ നിർമ്മിച്ചത്.5 കോടി രൂപയാണ് കിഫ്ബി ഇതിനായി ചെലവഴിച്ചത്. ഇതിനു പുറമേ കാട്ടിക്കളം സ്കൂൾ, പനമരം സ്കൂൾ, വെള്ളമുണ്ട സ്കൂൾ തുടങ്ങിയ ഹൈസ്ക്കൂളുകളുടെ നിർമ്മാണത്തിനും 3 കോടി രൂപ വീതം കിഫ്ബി വഴി വകയിരുത്തിയിരുന്നു.

Tags:    
News Summary - Kiifbi Development in mananthawadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.