നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ തൃത്താല മണ്ഡലം കിഫ്ബിയുടെ തണലിൽ വികസന പാതയിലാണ്. 150 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന ഇവിടെ നടപ്പിലാക്കിയത്. അടിസ്ഥാന വികസന മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള പദ്ധതികളാണ് ഇതിൽ പ്രധാനം. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് ചാത്തന്നൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ സ്പോർട്സ് കോംപ്ലക്സ്. 3.17 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആറ് വരി സിന്തറ്റിക് ട്രാക്കും ഫുട്ബോൾ കോർട്ടും ഉൾപ്പെടെ വലിയ സൌകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായിക പരിശീലനത്തിന് വലിയ അവസരമാണ് ഇവിടെ ലഭിക്കുന്നത്. വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനും അടിസ്ഥാന സൌകര്യ വികസനത്തിൻറെ ഭാഗമായി വലിയ കെട്ടിടമാണ് ലഭിച്ചത്. 5 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയത്.
30 ക്ലാസ് റൂമുകളും രണ്ട് ലാബുകളും രണ്ട് ഓഫീസ് മുറികളും മറ്റ് അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വലിയ കെട്ടിടമാണ് ഇവിടെ നിർമാണം പൂർത്തിയാക്കിയത്. ഇത് കൂടാതെ കുമരനല്ലൂർ ഹൈസ്ക്കൂൾ, ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, മേഴത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ഗോഖലെ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും കിഫ്ബി വഴി 3 കോടി രൂപ വീതമുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നത്.
തൃത്താല ഗവ.ആർട്ട്സ് ആൻഡ് സയൻസ് കോളജിലും 7 കോടിയുടെ വികസന പ്രവർത്തനങ്ങൾ കിഫ്‌ബി വഴി നടപ്പിലാക്കി. തൃത്താലയുടെ സ്വപ്ന പദ്ധതിയായ തീരദേശ റോഡിൻറെ നിർമ്മാണത്തിനായി 120 കോടി രൂപയാണ് കിഫ്ബി ധനസഹായം ലഭിച്ചത്. കുറ്റിപ്പുറത്ത് നിന്ന് തുടങ്ങി കുമ്പിടി തൃത്താല വഴി പട്ടാമ്പി പാലം വരെ നീളുന്ന റോഡ് നിർമ്മാണമാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയത്.
തൃത്താലയുടെ വികസന പദ്ധതിയിൽ പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് തൃത്താല സബ് രജിസ്ട്രാർ ഓഫീസിൻറെ നിർമ്മാണം. 89.88 കോടി രൂപയാണ് കിഫ്ബി ഇതിനായി നീക്കി വച്ചത്. കിഫ്ബിയുടെ വികസന തണലിൽ വൻ മുന്നേറ്റമാണ് തൃത്താല മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.