പാലക്കാട്: പാലക്കാട്ട് എസ്.ഡി.പി.ഐ-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർകൂടി പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാടാനാംകുറിശ്ശി കൊണ്ടൂർക്കര കുറ്റിക്കാട് ഷാജിദാണ് (25) ബുധനാഴ്ച രാത്രി അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
കൊലപാതകശേഷം പ്രതികളുപയോഗിച്ച ഇരുചക്രവാഹനങ്ങൾ പൊളിച്ചുവാങ്ങിയ ആക്രിക്കടയുടമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊലയാളി സംഘത്തിലെ നാലു പേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്.
എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മരുതറോഡ് ആലമ്പള്ളം സ്വദേശി ശ്രുബിൻലാലാണ് (30) അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കാളിയായ ഇയാൾ ആർ.എസ്.എസ് മുൻ ഭാരവാഹിയും പ്രചാരകനുമാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലയില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി.
ആർ.എസ്.എസ് പ്രവർത്തകരായ എലപ്പുള്ളി സ്വദേശി രമേഷ്, എടുപ്പുകുളം സ്വദേശി ആറുമുഖൻ, കല്ലേപ്പുള്ളി ശരവണൻ, അട്ടപ്പള്ളം സ്വദേശി മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ആർ.എസ്.എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായാണു പ്രതികൾ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.