ന്യൂഡൽഹി: ജല ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാനത്ത് സ്കൂളുകൾ വഴി വിദ്യാർഥികൾക്ക് കിറ്റ് നൽകുന്ന പദ്ധതി ആവിഷ്കരിച്ചതായി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ന്യൂഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ ലോക ജല ഉച്ചകോടിയിൽ കേരളത്തിന്റെ പവിലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ജലശക്തി മന്ത്രാലയവും നിതി ആയോഗും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂൾ ലാബുകൾക്ക് കുറഞ്ഞ നിരക്കിലും അൺഎയ്ഡഡ് സ്കൂളുകൾക്ക് പൂർണ നിരക്കിലുമാണ് ജല പരിശോധന കിറ്റുകൾ നൽകുക. സംസ്ഥാനത്ത് വ്യാപകമായി വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതാണ് പദ്ധതി. ജല ഉച്ചകോടിയിൽ കേരളം കെ.എം. മാണി സാമൂഹിക സൂക്ഷ്മ ജലസേചനപദ്ധതി മാതൃക അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പെരിയാർ നദീതടത്തിലെ വെള്ളപ്പൊക്ക പ്രവചന മുന്നറിയിപ്പ് സംവിധാനം, കേരളത്തിന്റെ ജലസംരക്ഷണ, തീരദേശ സംരക്ഷണ പദ്ധതികൾ, ഭൂജല സ്രോതസ്സുകളുടെ വിവരശേഖരണം, സ്കൂൾ തലത്തിലുള്ള കെമിക്കൽ ലാബുകളുടെ നവീകരണം, ജല ജീവൻ മിഷന്റെ നേട്ടങ്ങൾ, പമ്പ് ഹൗസുകളുടെ ആധുനികവത്കരണം, ജലഗുണനിലവാര പരിശോധന രീതി എന്നിവയും കേരള പവിലിയനിലുണ്ട്.
ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, കേരള വാട്ടർ അതോറിറ്റി, കെ.ഐ.ഐ.ഡി.സി എന്നിവ യാണ് പവിലിയൻ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.