പറവൂര്‍ (കൊച്ചി): വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നത് സംസ്ഥാനത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ നിർദേശ പ്രകാരം സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അദ്ദേഹം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്ന ഹൈകോടതി കണ്ടെത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചെന്നും ഹൈകോടതി ഉത്തരവിലുണ്ട്. അതുകൊണ്ടാണ് സി.ബി.ഐയോട് അന്വേഷിക്കാന്‍ നിർദേശിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന കെ.എം. എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണ്.
ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള കെ.എം. എബ്രഹാം രാജിവച്ച് പുറത്തു പോകാന്‍ തയാറാകണം. അതിന് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ലാവവിന്‍ കേസില്‍ സാക്ഷി ആയതു കൊണ്ടാണോ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത്. പ്രധാനപ്പെട്ട ആളുകളുടെ പതിനായിരം സെക്കന്‍ഡ് കോള്‍ ഡാറ്റാ റെക്കോര്‍ഡ് കൈവശമുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെ.എം. എബ്രഹാം പറഞ്ഞിരിക്കുന്നത്.
നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്നാണ് അദ്ദേഹം സമ്മതിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലാണോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജോലി. ഫോണ്‍ ചോര്‍ത്തലിന്റെ പേരിലാണ് രാമകൃഷ്ണ ഹെഗ്‌ഡേ രാജിവച്ചത്. ഫോണ്‍ ചോര്‍ത്തലിന് എതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ പി.ബി അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫോണ്‍ ചോര്‍ത്തിയത്. ഇതൊക്കെയാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.