തിരുവനന്തപുരം: കോടതിമാറ്റം ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹരജി തീർപ്പാകാത്തതിനാൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണ നീളുന്നു. ധനവകുപ്പ് ജോയന്റ് സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്റെ വിചാരണയാണ് നീളുന്നത്.
പ്രതിഭാഗം അഭിഭാഷകനായ രാമൻപിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഈ ഹരജി പരിഗണിക്കുന്നത് ജനുവരി ആറിലേക്ക് മാറ്റിയതോടെ, ഒന്നാം അഡീ. സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കുന്ന കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ് വിചാരണ നീളും. കോടതി മാറാനുള്ള ഹരജി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീർപ്പാക്കേണ്ടത്. അതിലുള്ള തീർപ്പ് വരുന്നതുവരെ കൊലക്കേസ് വിചാരണ നീളും.
കോടതിമാറ്റ ഹരജിയിൽ ബുധനാഴ്ച വാദം തുടങ്ങിയെങ്കിലും വിശദവാദം കേൾക്കുന്നത് മാറ്റുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.