‘അടുത്ത കൊല്ലം കിട്ടുന്ന വോട്ട് നോക്കിയിട്ട് ചൊറിഞ്ഞ് ഇരിക്കുന്ന പണി ഞങ്ങൾക്കില്ല’ -വെള്ളാപ്പള്ളിയെ ന്യായീകരിച്ച പിണറായിക്കെതിരെ കെ.എം ഷാജി

‘അടുത്ത കൊല്ലം കിട്ടുന്ന വോട്ട് നോക്കിയിട്ട് ചൊറിഞ്ഞ് ഇരിക്കുന്ന പണി ഞങ്ങൾക്കില്ല’ -വെള്ളാപ്പള്ളിയെ ന്യായീകരിച്ച പിണറായിക്കെതിരെ കെ.എം ഷാജി

കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. അടുത്ത കൊല്ലം കിട്ടുന്ന വോട്ട് നോക്കിയിട്ട് ചൊറിഞ്ഞ് ഇരിക്കുന്ന പണി ഞങ്ങൾക്കില്ലെന്നും മുസ്‌ലിം ലീഗിനെന്ത് വെള്ളാപ്പള്ളി, പിണറായി വിജയനെ പോലും മൈൻഡ് ചെയ്തിട്ടില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

കെ.എം ഷാജിയുടെ വാക്കുകൾ:
മുസ്‌ലിം ലീഗിനെന്ത് വെള്ളാപ്പള്ളി? പിണറായി വിജയനെ മൈൻഡ് ചെയ്തിട്ടില്ല. ജവഹർലാൽ നെഹ്റു ഞങ്ങളോട് വർത്തമാനം പറഞ്ഞിട്ട് മുഖത്ത് നോക്കി രാഷ്ട്രീയം പറഞ്ഞ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്‍റെ അനുയായികളുടെ പാർട്ടിയാണിത്. ഇങ്ങോട്ട് പറഞ്ഞാൽ പത്ത് ആയി അങ്ങോട്ട് പറ‍യും. നിങ്ങളുടെ ചെലവിലല്ല ജീവിക്കുന്നത്. അടുത്ത കൊല്ലം കിട്ടുന്ന വോട്ട് നോക്കിയിട്ട് ചൊറിഞ്ഞ് ഇരിക്കുന്ന പണി ഞങ്ങൾക്കില്ല.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞത് ലീഗിനെക്കുറിച്ചാണോ? വെള്ളപ്പള്ളി ലീഗിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് പിണറായി പറയുന്നത്... -കെ.എം. ഷാജി വിമർശിച്ചു.

‘വെള്ളാപ്പള്ളി ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന ആളല്ല’

എസ്.എൻ.ഡി.പി യോഗത്തിന്‍റെ നേതൃസ്ഥാനത്ത് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കാൻ ചേർത്തല യൂനിയൻ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്താണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ചത്.

പിണറായി വിജയന്‍റെ വാക്കുകൾ: അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന്​ എതിരായ നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നാണ്​ ആ വിവാദമുണ്ടായത്​. വെള്ളാപ്പള്ളിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്​. തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാനും ചിലര്‍ ശ്രമിക്കുന്നു.

കേരളത്തിന്‍റെ ഇന്നത്തെ വളര്‍ച്ചക്ക്​ കൂടുതല്‍ സംഭാവന ചെയ്ത സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദക്കാലം ഇരിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഒരു സംഘടനയുടെ അമരക്കാരനായി ഇരുന്ന് കൂടുതൽ വളർച്ചയിലേക്ക് നയിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചിട്ടുള്ളത്. അതിന് വെള്ളാപ്പള്ളിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Full View


Tags:    
News Summary - KM Shaji against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.