കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനയുമായി കെ.എം. ഷാജി എം.എൽ.എ. കണ്ണൂരിൽ മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഷാജി ഇതുസംബന്ധിച്ച സൂചന നൽകിയത്. അഴീക്കോട് മത്സരിക്കാൻ സജ്ജമാണെന്നും മറ്റൊരു സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പാർട്ടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കും. താൻ മത്സരിച്ചാൽ അഴീക്കോട് ജയം ഉറപ്പാണ്. യു.ഡി.എഫ് സ്ഥാനാർഥിക്ക് മാത്രമേ അഴീക്കോട് മണ്ഡലത്തിൽ ജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ ഇവിടെ മത്സരിക്കാനില്ലെന്ന പ്രതികരണമായിരുന്നു ഷാജി മുസ്ലിംലീഗ് ജില്ല, സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. പ്ലസ് ടു കോഴക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിെൻറ പശ്ചാത്തലത്തിൽ ഷാജി ഇവിടെനിന്ന് ജനവിധി തേടില്ലെന്ന അഭ്യൂഹവും ശക്തമായിരുന്നു.
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾ കോൺഗ്രസുമായി വെച്ചുമാറണമെന്ന നിർദേശവുമായി ലീഗ് രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് തുടക്കത്തിലേ കോൺഗ്രസ് തള്ളി. ഷാജിക്കുപകരം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ അഴീക്കോട് സ്ഥാനാർഥിയായേക്കുമെന്ന സൂചനയുണ്ടായിരുന്നു.
മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറുകയെന്നതായിരുന്നു ഷാജിയുടെ നീക്കം. കാസർകോട്, മഞ്ചേശ്വരം, കൊടുവള്ളി എന്നിവിടങ്ങളിൽ ഷാജി മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമായിരുന്നു.
എന്നാൽ, പുറത്തുനിന്നുള്ളയാളെ മത്സരിപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ലീഗ് കാസർകോട് ജില്ല നേതൃത്വം. തുടർന്നാണ് രണ്ടു തവണ ജയിച്ച അഴീക്കോട്തന്നെ മത്സരിക്കുമെന്ന സൂചനയുമായി ഷാജി ഇപ്പോൾ രംഗത്തെത്തിയത്. ഇതിെൻറ ഭാഗമായാണ് മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം പ്രത്യേക കൺവെൻഷൻ അദ്ദേഹം കണ്ണൂരിലെ ലീഗ് ജില്ല കമ്മിറ്റി ഒാഫിസിൽ വിളിച്ചുചേർത്തത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിെൻറ ഭാഗമായാണ് പ്രത്യേക കൺവെൻഷൻ വിളിച്ചുചേർത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴീക്കോട് തിരിച്ചുവരണമെന്ന ഷാജിയുടെ ആഗ്രഹത്തിന് ലീഗ് സംസ്ഥാന നേതൃത്വം അനൂകുല തീരുമാനമെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.