തിരുവനന്തപുരം: കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ ആൻഡ് ഈസ്റ്റ് എന്നീ സ്ഥലങ്ങളിലായി 1720 ഏക്കർ ഭൂമി കണ്ടെത്തിയതായി വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
ഡിസംബറോടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയിൽ തുടങ്ങി പാലക്കാട് അവസാനിക്കുന്ന പദ്ധതിയാണിത്. ഈ മേഖലയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് ഉൽപാദനമേഖലയുടെ ക്ലസ്റ്ററുകൾ രൂപവത്കരിക്കുകയാണ് ലക്ഷ്യം.
വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്ക് എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ 543 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതി യാഥാർഥ്യമാകുമ്പോൾ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും അഞ്ചുവർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.