കൊച്ചി: ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവൃത്തി ആരംഭിക്കുന്നു. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ടപാതയെ വിശേഷിപ്പിക്കുന്നത്.ഈ വർഷം ഡിസംബറിൽ നിർമാണം തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവിസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിര്‍മാണ ജോലിക്കുള്ള ടെൻഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. നവംബറിൽ ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കിയശേഷം നിർമാണം ആരംഭിക്കും. നിര്‍മാണ ജോലി 20 മാസം കൊണ്ട് പൂര്‍ത്തിയാക്കും. സിഗ്നല്‍ സംവിധാനങ്ങള്‍ അടക്കമുള്ള സാങ്കേതിക ജോലിക്കായി നാലുമാസം കൂടി ആവശ്യമായി വരും. ഒരേസമയം ആറ് സ്ഥലങ്ങളില്‍ നിര്‍മാണം കേന്ദ്രീകരിക്കും.
ഇതോടൊപ്പം ഒരേ സമയം നാല് സ്റ്റേഷനുകളുടെയും നിര്‍മാണവും നടക്കും. പണി വേഗത്തിലാക്കാൻ സ്റ്റേഷനുകളുടെ നിർമാണത്തിൽ പ്രീ കാസ്റ്റ് രീതി അവലംബിക്കും. കളമശ്ശേരി എച്ച്.എം.ടിയിൽ ഏകദേശം ആറ് ഹെക്ടർ പ്രീ കാസ്റ്റ് യാർഡ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ചെലവ് 1957 കോടിയാണ്. കേന്ദ്രസർക്കാർ 338.75 കോടിയും കേരള സർക്കാർ 555.18 കോടിയും അനുവദിക്കും.
പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മന്റെ് ബാങ്ക്(എ.ഐ.ഐ.ബി) 1016.24 കോടിയാണ് അനുവദിക്കുക. 46.88 കോടി പി.പി.പി മാതൃകയിൽ സമാഹരിക്കും.എ.ഐ.ഐ.ബി സംഘം ഈ മാസം 11നും 15നും ഇടയിൽ കൊച്ചിയിൽ സന്ദർശനം നടത്തുന്നുണ്ട്. ഒന്നാം ഘട്ടത്തിലെ തൃപ്പൂണിത്തുറ പാത പൂർത്തിയാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.10 ലക്ഷമാകുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ. ഡിസംബർ അവസാനത്തോടെ തൃപ്പൂണിത്തുറ പാതയിൽ സർവിസ് ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
പാലാരിവട്ടം- ആലിൻചുവട്- ചെമ്പുമുക്ക്-വാഴക്കാല-പടമുഗൾ- സിവിൽ സ്റ്റേഷൻ ജങ്ഷൻ- കൊച്ചിൻ സെസ്(സ്പെഷ്യൽ ഇക്കണോമിക് സോൺ)- ചിറ്റേത്തുകര- കിൻഫ്ര- ഇൻഫോപാർക്ക്
രണ്ട് ബോട്ടുകൾ കൂടി ലഭ്യമായാൽ ചിറ്റൂർ ജലമെട്രോ സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. അത് ഈമാസംതന്നെ ലഭിക്കും. ഹൈകോർട്ട്- ചിറ്റൂർ റൂട്ടിൽ ഇതോടെ സർവിസ് ആരംഭിക്കും. നിലവിൽ ഒമ്പത് ബോട്ടുകളാണുള്ളത്. ജലമെട്രോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.