കൊച്ചി: ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ മലപ്പുറം സ്വദേശി കൊച്ചിയിൽ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ(22)യെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ല. ഇയാളുടെ ഫോൺ കോഴിക്കോട് തേഞ്ഞിപ്പാലം പരിധിയിൽ വെച്ച് സ്വിച്ച് ഓഫ് ആണ്. രണ്ട് ദിവസം മുമ്പാണ് സ്വിച്ച് ഓഫ് ആയത്.
അർഷാദാണ് കൃത്യം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല നടന്നത് ഞായറാഴ്ച രാത്രിക്ക് ശേഷമാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതൽ വിളിച്ചിട്ട് എടുത്തിരുന്നില്ല. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു.
ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിൽ കോട്ടയം സ്വദേശി ജിജി ഈപ്പന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. സഹതാമസക്കാർ വന്നുനോക്കിയപ്പോൾ ഫ്ലാറ്റ് അടച്ച നിലയിലായിരുന്നു. സെക്യൂരിറ്റിയെ വിവരം അറിയിച്ച് പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒളിവിൽ പോയ അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.